21 November Thursday

രേഖാചിത്രം മാത്രമല്ല, എഐയുമായി എഎസ്‌ഐരേഖാചിത്രം മാത്രമല്ല, എഐയുമായി എഎസ്‌ഐ

സി എ പ്രേമചന്ദ്രൻUpdated: Saturday Nov 2, 2024

ആർടിഫിഷ്യൽ ഇന്റലിജൻസ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ലഘുലേഖകൾ തയ്യാറാക്കുന്ന സിറ്റി പൊലീസ്‌ മീഡിയാ സെല്ലിലെ അസി. സബ്‌ ഇൻസ്‌പെക്‌ടർ 
എ ഡി രാജേശ്വരൻ

തൃശൂർ
 പ്രതികളുടെ രേഖാ ചിത്രം വരയ്‌ക്കുക മാത്രമല്ല,  ആർട്ടിഫിഷ്യൽ  ഇന്റലിജന്റ്‌സ്‌  സാങ്കേതിക വിദ്യയും  പൊലീസ്‌ സേവനങ്ങൾക്ക്‌ പ്രയോജനപ്പെടുത്തുകയാണ്‌ ഈ അസിസ്റ്റന്റ്‌ സബ് ഇൻസ്പെക്ടർ. തൃശൂർ സിറ്റി  പൊലീസ്‌  മീഡിയാ സെല്ലിൽ പിആർഒ ഇൻചാർജായ എ ഡി രാജേശ്വരനാണ്‌ പൊലീസ്‌ ജനകീയ ബോധവൽക്കരണത്തിനായി എഐയും ഉപയോഗിക്കുന്നത്‌. അദ്ദേഹം വരച്ച രേഖാചിത്രങ്ങൾ വഴി നിരവധി പ്രതികൾ കുടുങ്ങിയിട്ടുണ്ട്‌.  മലബാറിലെ സസ്യസമ്പത്തുകളെക്കുറിച്ച് പ്രതിപാദിക്കുന്ന   ഹോർത്തൂസ് മലബാറിക്കസ് എന്ന ചരിത്രഗ്രന്ഥത്തിന് പുറംചട്ട തയ്യാറാക്കിയതും  രാജേശ്വരനാണ്‌. 
 മയക്കുമരുന്നിനെതിരെ  ബോധവൽക്കരണവുമായി സിറ്റി പൊലീസ്‌ പുറത്തിറക്കിയ  ‘എൻഡിപിഎസ്‌ നിയമവും കുട്ടികളും’,    പോക്‌സോ കേസുമായി  ബന്ധപ്പെട്ട  ‘ചിറക്‌ ’ എന്നീ ലഘുലേഖകളിൽ പേജുകൾക്ക്‌ അനുയോജ്യമായ ചിത്രങ്ങൾക്കായി എഐ പ്രയോജനപ്പെടുത്തി. വിങ്‌, കോ–- പൈലറ്റ്‌ തുടങ്ങിയ ആപ്പുകൾ വഴിയാണ്‌ എഐ ഉപയോഗിച്ചത്‌. സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം  സൈബർ തട്ടിപ്പുകൾ തുറന്നുകാട്ടുന്ന ബ്രോഷറുകളും വാർത്തകളും  തയ്യാറാക്കി  ഫേസ്‌ബുക്ക്‌, ഇൻസ്‌റ്റഗ്രാം പേജുകളിലും പ്രചരിപ്പിക്കുന്നു. 
2003 ലാണ് പൊലീസിൽ ചേർന്നത്. ഐഎസ്‌ആർഒ ജീവനക്കാരന്റെ കൊലപാതകം, പെരിഞ്ഞനം നവാസ് വധം, മലക്കപ്പാറ വിശ്വനാഥൻ വധം തുടങ്ങി  നിരവധി കേസുകളിൽ പ്രതികളെ കണ്ടെത്താൻ രാജേശ്വരൻ വരച്ച പ്രതികളുടെ രേഖാചിത്രങ്ങൾ സഹായകമായിട്ടുണ്ട്. ഇ എം എസ്‌,  മുഖ്യമന്ത്രി പിണറായി വിജയൻ,  യേശുദാസ്‌, ജയചന്ദ്രൻ  തുടങ്ങി  പ്രശസ്തരുടെ  ഛായാചിത്രങ്ങൾ വരച്ചിട്ടുണ്ട്‌. പലർക്കും നേരിട്ട്‌  സമ്മാനിച്ചിട്ടുണ്ട്.  നടത്തറ സ്വദേശി ആർട്ടിസ്‌റ്റ്‌ രാജൻ തൃശൂർ വഴിയാണ്‌ എഐ സാധ്യത തിരിച്ചറിഞ്ഞത്‌.    ക്ലാസുകളിലും പങ്കെടുത്തു.   
 എഐ വഴി  ചിത്രകാരന്റെ ഭാവനയ്‌ക്കനുസരിച്ച്‌  നിയമത്തിന്‌ അനുകൂലമായ ചിത്രങ്ങളും ദൃശ്യങ്ങളും  ലഭിക്കുന്നതായി രാജേശ്വരൻ പറഞ്ഞു. തന്റെ കഴിവുകൾ  പൊലീസിന്‌ രേഖാചിത്രമായും  ബോധവൽക്കരണ ആശയങ്ങളായും  ജനനന്മക്കായി ഉപയോഗിക്കുന്നതിൽ  സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാള  പൂപ്പത്തി ആനാമ്പലത്ത് ദാമോദരന്റെയും  ദേവയാനിയുടെയും മകനാണ്‌ രാജേശ്വരൻ. ഭാര്യ: ബിസ (വിദ്യാഭ്യാസവകുപ്പ്‌ ജീവനക്കാരി). മക്കൾ: ദേവാംഗന, ഇതിഹാസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top