26 December Thursday

നെഞ്ചിൽ 
ഇടനെഞ്ചിൽ

കെ പ്രഭാത്‌Updated: Saturday Nov 2, 2024

ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് പര്യടനത്തിനിടെ കയ്പഞ്ചേരിയിലെത്തിയപ്പോൾ കോഴിമാംപറമ്പ് തട്ടകത്തെ വെളിച്ചപ്പാട് ആശംസിക്കുന്നു

ചേലക്കര
ജനഹൃദയങ്ങളിൽ നിറസാന്നിധ്യമായ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്‌ വിജയാശംസ നേരാനെത്തിയതാണ്‌ കോഴിമാംപറമ്പ്‌ തട്ടകത്തെ വെളിച്ചപ്പാട്‌ ജയപ്രകാശ്‌. വെള്ളിയാഴ്‌ച കയ്‌പഞ്ചേരിയിലാണ്‌ വെളിച്ചപ്പാട്‌, പ്രദീപിനെ കണ്ടത്‌.  ‘‘വിജയിച്ച്‌ വരൂ’’എന്ന്‌ ആശംസ. ഒന്നാംഘട്ട പര്യടനത്തിന്റെ സമാപനത്തിൽ വിവിധ കേന്ദ്രങ്ങളിൽ വരവേൽക്കാൻ വന്നവർ വേറിട്ട നിലയിലുള്ളവർ. 
കാഴ്‌ച പരിമിതിയുള്ള മണികണ്‌ഠൻ, ഒന്നാം ക്ലാസുകാരൻ ആരവ്‌ വിഷ്‌ണു, വിമുക്ത ഭടൻ കുട്ടപ്പൻ നായർ, കർഷകത്തൊഴിലാളി വെട്ടുകാട്ടുകുണ്ടിൽ ലക്ഷ്‌മി, തൊഴിലുറപ്പു തൊഴിലാളി ബീവാത്തു തുടങ്ങിയവർ. രാവിലെ പള്ളിക്കൽ പുറക്കോട്ടെ ആദ്യ കേന്ദ്രത്തിൽ തൊഴിലാളികൾ, കർഷകർ, യുവതീ–- യുവാക്കൾ,  ഉൾപ്പെടെ വൻ ജനക്കൂട്ടം. പന്നിയടിയും നെടുമ്പുരയും പിന്നിട്ടതോടെ സ്വീകരണം കൂടുതൽ ആവേശത്തിലേക്ക്‌. സ്വീകരണ കേന്ദ്രമായ താഴപ്രയിൽ  അമ്മ ശാരദയുടെ കൈപിടിച്ചെത്തിയ കാഴ്‌ചപരിമിതിയുള്ള മണികണ്‌ഠൻ പ്രദീപിനെ ഷാളണിയിച്ചു. സ്‌കൂളിൽ പോകാതെ അച്ഛനോടൊപ്പം കാത്തുനിന്ന ഒന്നാം ക്ലാസുകാരൻ ആരവ്‌ വിഷ്‌ണു സ്ഥാനാർഥിക്ക്‌ നൽകിയ ചോക്കലേറ്റുകൾ തനിക്കുതന്നെ തിരികെ ലഭിച്ചതിന്റെ  സന്തോഷം മറച്ചുവച്ചില്ല. വെട്ടിക്കാട്ടിരിയിൽ പഴക്കുല കൈമാറിയായിരുന്നു സ്വീകരണം. പുതുശേരിയിൽ ചോലയിൽ നബീസ, ഫാത്തിമ, സെബിൻ എന്നിവർ മധുരനാരങ്ങ നൽകി. 
ആശാരിക്കാട്ടേക്ക്‌ നീങ്ങവേ, വീട്ടിൽനിന്ന്‌ വടിയും കുത്തിപ്പിടിച്ച്‌  ഇറങ്ങിവന്ന വിമുക്തഭടൻ കുട്ടപ്പൻനായരും ഭാര്യ ആര്യാദേവിയും പ്രദീപിന്റെ വാഹനം തടഞ്ഞുനിർത്തി പൂക്കൾ സമ്മനിച്ചു. പനമനയിൽ കടവത്ത്‌ കെ എച്ച്‌ അനൂപ്‌–- സുവാദ ദമ്പതികളുടെ വീട്ടിൽനിന്ന്‌ 15 പവൻ  സ്വർണം മോഷണംപോയ കേസിലെ പ്രതികളെ പിടികൂടാനായില്ലെന്ന പരാതി. പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിച്ച്‌ അന്വേഷണം വേഗത്തിലാക്കാൻ നിർദേശം നൽകി. ചെറുതുരുത്തിയും മേച്ചേരിയും പിന്നിട്ട്‌ കിഴക്കുമുറിയിൽ എത്തിയതോടെ, ഏറെനേരം മുച്ചക്രവാഹനത്തിൽ  കാത്തുനിന്ന ഭിന്നശേഷിക്കാരൻ മുളങ്ങരപ്പറമ്പിൽ ടി എൻ രാമകൃഷ്‌ണൻ അഭിവാഭ്യം ചെയ്തു. തൊട്ടരികിൽ നടന്നെത്തിയ സ്ഥാനാർഥിയെ രാമകൃഷ്‌ണൻ ചെമ്പട്ടണിയിച്ചു. 85 പിന്നിട്ട കർഷകത്തൊഴിലാളി വിലാസിനിയും രണ്ടര വയസ്സുകാരൻ സായൻ സ്വരൂപും പൂക്കൾ നൽകി. 
 എല്ലായിടത്തും ലളിതമായ ഭാഷയിൽ വ്യക്തമായ രാഷ്‌ട്രീയവും വികസനക്കാഴ്‌ചപ്പാടും വിശദീകരിച്ചുള്ള സ്ഥാനാർഥിയുടെ ചെറുഭാഷണം നാടാകെ ശ്രദ്ധയോടെയാണ്‌ ശ്രവിച്ചത്‌. 35 കേന്ദ്രങ്ങളിൽ പര്യടനം നടത്തിയാണ്‌ വൈകിട്ട്‌ ഉദുവടി പള്ളിപ്പരിസരത്ത്‌ ആദ്യഘട്ട പര്യടനം  സമാപിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top