തൃശൂർ
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളും ഹരിത കെഎസ്ആർടിസി ആക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കെഎസ്ആർടിസി ബസുകളിലും ഡിപ്പോകളിലും ശുചിത്വം നിലനിർത്തുകയും സൗന്ദര്യവൽക്കരണം നടപ്പിലാക്കി യാത്രക്കാർക്ക് ആരോഗ്യകരമായ യാത്രാസാഹചര്യങ്ങൾ സൃഷ്ടിക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഘട്ടംഘട്ടമായി എല്ലാ കെഎസ്ആർടിസി ഡിപ്പോകളും സമ്പൂർണ മാലിന്യമുക്തമാക്കി ഹരിത കെഎസ്ആർടിസി ഡിപ്പോകൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ശുചീകരണം കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ ഉദ്ഘാടനം ചെയ്‌തു. ബസ് സ്റ്റാൻഡും പരിസരവും കോർപറേഷൻ തൊഴിലാളികളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും സഹകരണത്തോടെ ശുചീകരിച്ചു. കാലങ്ങളായി നിലനിന്നിരുന്ന മാലിന്യ കൂനകളിലെ മാലിന്യങ്ങളെല്ലാം നീക്കംചെയ്‌തു. സ്ഥലത്ത് മിനി എംസിഎഫ് സ്ഥാപിച്ച് മാലിന്യങ്ങൾ തരംതിരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജില്ലയിലെ ഏഴ് കെഎസ്ആർടിസി ഡിപ്പോകളും ഹരിത ഡിപ്പോകൾ ആക്കുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി. ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ സുസ്ഥിര ശുചിത്വ സമഗ്ര കെഎസ്ആർടിസി ഡിപ്പോ ആയി ക്രമീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..