25 November Monday

പമ്പിങ്‌ സബ്‌സിഡിയെത്തും; കോൾ കർഷകർക്ക്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024
തൃശൂർ
കോൾ നിലങ്ങളിൽ പുഞ്ച പമ്പിങ്‌ സബ്‌സിഡി ഇനത്തിൽ 35.16 കോടി രൂപ  സർക്കാർ അനുവദിച്ചത്‌ കർഷകർക്ക്‌ ആശ്വാസമേകും.  ജില്ലയിൽ 13000 ഹെക്ടറിൽ കോൾനിലങ്ങളിൽ നെൽകൃഷിയുണ്ട്‌. ആയിരക്കണക്കിന്‌ കർഷകർ കൃഷിയിറക്കുന്നുണ്ട്‌.  സർക്കാർ സംഖ്യ അനുവദിച്ചതോടെ പമ്പിങ് സബ്‌സിഡി കുടിശ്ശിക കർഷകരിലെത്തും. കോൾ നിലങ്ങളിൽ കടലിന്‌ താഴെയാണ്‌ ജലനിരപ്പ്‌. കൃഷിയിറക്കുന്നതിന്‌ മുന്നോടിയായി  പാടം വറ്റിച്ച്‌  ജലം പമ്പ്‌ചെയ്‌ത്‌  ഉൾക്കനാലുകൾ വഴി കടലിലേക്ക്‌ ഒഴുക്കണം. കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍, പാടശേഖരങ്ങളില്‍ വെള്ളം കയറ്റിയും, ഇറക്കിയും ജലനിരപ്പ് നിയന്ത്രിക്കണം.   പഴയകാലത്ത്‌ പെട്ടിയും പറയും ഉപയോഗിച്ചാണ്‌ ജലം ഒഴുക്കിയിരുന്നത്‌. ഇപ്പോൾ സബ്മേഴ്സിബിൾ പമ്പ് വഴിയാണ്‌ ജലം ഒഴുക്കുന്നത്‌. പാടശേഖരസമിതികൾ ചേർന്ന്‌ പലയിടങ്ങളിലായി പമ്പുകൾ സ്ഥാപിക്കും. ഇത്‌ കൈകാര്യം ചെയ്യാൻ ഓപ്പറേറ്റർമാരേയും നിയോഗിക്കും. ഇതിന്‌ വരുന്ന ചെലവിലേക്കായാണ്‌ സർക്കാർ സബ്‌സിഡി അനുവദിക്കുന്നത്‌. പുഞ്ച സ്‌പെഷൽ ഓഫീസ്‌ വഴിയാണ്‌ പാടശേഖരസമിതിക്ക്‌ പണം അനുവദിക്കുക.  മുണ്ടകൻ കൃഷിക്ക്‌ ഏക്കറിന്‌ 1200 രൂപയും പുഞ്ചകൃഷിക്ക്‌ 1600 രൂപയുമാണ്‌ വിതരണം ചെയ്യുക. 
പുഞ്ച പമ്പിങ്‌ സബ്‌സിഡിയായി 2021– 22ൽ പത്തു കോടി രുപയാണ്‌  വകയിരുത്തിയത്‌. എന്നാൽ   20 കോടി  വിതരണം ചെയ്‌തു. 2022– 23ൽ 15.57 കോടി വകയിരുത്തിയത്‌ പൂർണമായും വിതരണം ചെയ്‌തു. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റ്‌ വകയിരുത്തൽ 15.75 കോടിയായിരുന്നു. 
എന്നാൽ, 25.75 കോടി രൂപ വിതരണം ചെയ്‌തു. ഇപ്പോൾ ബജറ്റ്‌ വിനിയോഗ പരിധി നൂറു ശതമാനം ഉയർത്തി സബ്‌സിഡി പുർണമായും വിതരണം ചെയ്യുന്നതിനുള്ള അനുമതി ലഭ്യമാക്കുകയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ  പറഞ്ഞു. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ പുഞ്ച സ്‌പെഷ്യൽ ഓഫീസുകൾക്കാണ്‌ തുക അനുവദിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top