വടക്കാഞ്ചേരി
വടക്കാഞ്ചേരി - തൃശൂർ സംസ്ഥാനപാതയോരത്തെ കുറാഞ്ചേരി മലയിൽ വീണ്ടും മണ്ണിടിഞ്ഞതായി വനപാലകർ. കുറാഞ്ചേരി വനഭൂമിയിലെ അമ്പതടിയിലധികം ഉയരമുള്ള കുന്നിൽ ഒന്നര സെന്റി മീറ്ററോളം സ്ഥലത്താണ് മണ്ണിടിഞ്ഞത്. 2018ൽ ഉരുൾപ്പൊട്ടി മണ്ണിടിഞ്ഞ് 19പേരുടെ മരണത്തിനിടയാക്കിയ പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിൽ. സംസ്ഥാനപാതയിലൂടെ സഞ്ചരിച്ച വഴിയാത്രികരാണ് മണ്ണിടിച്ചിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി മണ്ണിടിച്ചിൽ ഉണ്ടായതായി സ്ഥിരീകരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകും. സംഭവമറിഞ്ഞ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ അനൂപ് കിഷോർ എന്നിവർ സ്ഥലത്തെത്തി.
ശനിയാഴ്ച പ്രദേശത്ത് ജിയോളജി വകുപ്പ് വിശദ പരിശോധന നടത്തും. 2018 ആഗസ്റ്റ് 16ന് പുലർച്ചയാണ് നാടിനെ നടുക്കി നാലു വീടുകൾ ഉൾപ്പെടുന്ന പ്രദേശം തകർന്ന് തരിപ്പണമായി 19 പേരുടെ മരണത്തിനിടയാക്കിയ കുറാഞ്ചേരി ദുരന്തം നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..