22 December Sunday

സമ്പൂര്‍ണ അതിദാരിദ്ര്യരഹിതമായി 
14 തദ്ദേശസ്ഥാപനങ്ങള്‍

എ എസ് ജിബിനUpdated: Sunday Nov 3, 2024
തൃശൂർ
സമ്പൂർണ അതിദാരിദ്ര്യ രഹിതമായി ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങൾ. അരിമ്പൂർ, അവണൂർ, ചൂണ്ടൽ, കടങ്ങോട്, കണ്ടണാശേരി, കാട്ടൂർ, മതിലകം, മുള്ളൂർക്കര, പൂമം​ഗലം, പോർക്കുളം, പുത്തൂർ, വലപ്പാട്, കൊടകര പഞ്ചായത്തുകളും കുന്നംകുളം നഗരസഭയുമാണ് അതിദാരിദ്ര്യമുക്തമായത്. വരും ദിവസങ്ങളിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്ത പട്ടികയിലെത്തും. 
ആരോ​ഗ്യം, ഭക്ഷണം, വരുമാനം, പാർപ്പിടം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിലൂടെ ജില്ലയിൽ 5013 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൈക്രോ പ്ലാൻ തയ്യാറാക്കിയതോടെ ഇത് 4649 കുടുംബങ്ങളായി. പിന്നീട് 3511 ആയി കുറ‍ഞ്ഞു. 
   ഭക്ഷണത്തിന്റെ അഭാവമുണ്ടായിരുന്ന 1297 കുടുംബങ്ങളിലും ഭക്ഷണമെത്തിക്കുന്നുണ്ട്. ആരോ​ഗ്യം സംരക്ഷിക്കാനാകാതിരുന്ന 2976 കുടുംബങ്ങളിൽ 297ലും ആരോ​ഗ്യ സംരക്ഷണം ഉറപ്പാക്കി. വരുമാനമില്ലാതിരുന്ന 366 കുടുംബങ്ങളിൽ 254ലും സ്വയംസംരംഭങ്ങളിലൂടെയും മറ്റും വരുമാനവും ലഭ്യമാക്കി. കുടുംബശ്രീ ഉജ്ജീവനം പദ്ധതിയിലൂടെയാണ് കൂടുതൽ കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കിയത്. 
1776 കുടുംബങ്ങൾക്കാണ് താമസ സൗകര്യമില്ലാതിരുന്നത്. ഇതിൽ 1719 കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കി. ലൈഫ് പദ്ധതിയിലൂടെ വീടും സ്ഥലവും ലഭ്യമാക്കിയും, താമസയോ​ഗ്യമല്ലാത്ത വീടുകൾ അറ്റകുറ്റപണി നടത്തിയുമാണ് പ്രധാനമായും താമസസൗകര്യം ഉറപ്പാക്കിയത്. 19 പേർക്ക് വീട് വാടകയ്ക്കെടുത്ത് നൽകിയിട്ടുമുണ്ട്. ഗ്രാമീണ മേഖലയിൽ പരമാവധി 5000 രൂപയും പട്ടണത്തിൽ 7000 രൂപയും ന​ഗരത്തിൽ 8000 രൂപയുമാണ് വാടകയായി നൽകുന്നത്.
വരും ദിവസങ്ങളിൽ ജില്ലയിലെ 80 ശതമാനം തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യമുക്ത പട്ടികയിലെത്തും. 2025 നവംബറോടെ സംസ്ഥാനത്ത് നിന്ന് അതിദാരിദ്ര്യം പൂർണമായും ഇല്ലാതാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top