24 November Sunday

ഈ സംശുദ്ധി നുണകളിൽ തകരില്ല

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2024
ചേലക്കര
സംശുദ്ധനും സൗമ്യനുമായ ജനകീയ നേതാവ്‌ കെ രാധാകൃഷണനെ അപമാനിക്കാനുള്ള യുഡിഎഫിന്റെയും  ബിജെപിയുടെയും മാധ്യമങ്ങളുടെയും കള്ളപ്രചാരണം അവർക്ക്‌ തന്നെ തിരിച്ചടിയാകുന്നു. എംഎഎൽഎയും മന്ത്രിയും സ്‌പീക്കറുമായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾക്ക്‌ നേരെ കല്ലെറിഞ്ഞ്‌ തളർന്നപ്പോഴാണ്‌ കള്ളപ്രചാരണവുമായി ഇവർ ഇറങ്ങിതിരിച്ചത്‌. 
     എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ  പ്രദീപിന്‌ വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങുന്നില്ലെന്ന പച്ചക്കള്ളമാണ്‌ യുഡിഎഫിന്റെയും ബിജെപിയുടെയും ക്വട്ടേഷൻ ഏറ്റടുത്ത്‌ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്‌. സ്ഥാനാർഥി തർക്കത്തിലും കൊടകര കുഴൽപ്പണ വെളിപ്പെടുത്തലിലും വേവലാതിയിലായ ഇരുപക്ഷത്തേയും സഹായിക്കാനാണ്‌ മാധ്യമങ്ങളുടെ  ശ്രമം. 
     തങ്ങളുടെ രാധേട്ടനെയും നേർപതിപ്പായ യു ആർ പ്രദീപിനേയും അപമാനിക്കാൻ ശ്രമിച്ചതിൽ ചേലക്കരയിലെ ജനങ്ങളാകെ  രോഷത്തിലാണ്‌.  കോൺഗ്രസ്‌ കുത്തകയായിരുന്ന ചേലക്കരയുടെ മുഖം തെളിഞ്ഞത്‌ 1996 ൽ കെ രാധാകൃഷ്‌ണൻ എംഎൽഎ ആയതിന്‌ ശേഷമാണ്‌. അദ്ദേഹവും  അഞ്ചു വർഷം യു ആർ പ്രദീപും ഒന്നായി നടത്തിയ ഇടപെടലിൽ കോടികളുടെ വികസനമാണ്‌ വന്നത്‌. സർവമേഖലയിലും വികസനത്തിന്റെ പുതിയ പതിപ്പുകളെത്തി. മന്ത്രിയും സ്‌പീക്കറും എംഎൽഎയും എംപിയുമായ കെ രാധാകൃഷ്‌ണൻ കൈവെച്ച മണ്ഡലങ്ങളിലല്ലാം ജനകീയ സ്‌പർശമായി. ജനങ്ങൾക്കൊപ്പം എന്നും എളിമയുടെ പര്യായമായി. ആദ്യമായാണ്‌ പട്ടിക ജാതിക്കാരൻ ദേവസ്വം മന്ത്രിയാകുന്നത്‌. പട്ടികജാതി, വർഗ ക്ഷേമ മന്ത്രിയായി വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി.  കോളനികളെന്ന്‌ ചാപ്പ കുത്തി അവഗണിച്ചിരുന്ന പട്ടിജാതി, വർഗ വിഭാഗങ്ങളെ ‘ഉന്നതി’യിലേക്കെത്തിച്ചു. 
 എൽഡിഎഫ്‌ നേതാക്കളുടെ വലിയ നേതൃനിരയെ  ലോക്‌സഭയിലേക്ക്‌ അയയ്ക്കാൻ തീരുമാനിച്ചപ്പോഴാണ്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ കെ രാധാകൃഷ്‌ണനും ആലത്തൂരിൽ മത്സരിക്കുന്നത്‌. പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിലുള്ള യുഡിഎഫ്‌ തരംഗത്തിലും കെ രാധാകൃഷ്‌ണന്റെ ജനകീയത തറപ്പറ്റിക്കാനായില്ല എതിരാളികൾക്ക്‌. എന്നിട്ടാണ്‌  ഉപതെരഞ്ഞെടുപ്പിൽ  മത്സരിക്കുന്ന യു ആർ പ്രദീപിനായി സംഘടനാ ചുമതലകൾ നിർവഹിച്ച്‌ മുന്നിലുള്ള കെ രാധാകൃഷ്‌ണനെതിരെ വലതു പക്ഷത്തിന്റെ ഹാലിളക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top