22 December Sunday
കെ സുധാകരന്റെ കൊലവിളി

യുഡിഎഫ്‌ ശ്രമം ജനവിധി 
അട്ടിമറിക്കാൻ: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
ചേലക്കര 
ഉപതെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കി  ജനവിധി അട്ടിമറിക്കാൻ  കോൺഗ്രസും യുഡിഎഫും ശ്രമിക്കുകയാണെന്ന്  എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ കെ കെ വത്സരാജും  സെക്രട്ടറി  എ സി മൊയ്‌തീനും പ്രസ്താവനയിൽ പറഞ്ഞു. ചെറുതുരുത്തിയിലുണ്ടായ സംഘർഷത്തിന്റെ പേരിൽ തിരിച്ചടിക്കാമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പ്രവർത്തകരോട്‌ പറയുന്ന വീഡിയോ കോളാണ്‌ പുറത്തുവന്നത്‌. ഇത്‌ കൊലവിളിയാണ്‌. കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ ബോധപൂർവം ആസൂത്രണം ചെയ്താണ് സംഘർഷമുണ്ടാക്കുന്നതെന്ന് വ്യക്തം. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയിക്കുമെന്ന് വ്യക്തമായപ്പോൾ മണ്ഡലത്തിൽ  സംഘർഷമുണ്ടാക്കി ജനവിധി അട്ടിമറിക്കാനാണ്‌ ശ്രമിക്കുന്നത്. 
       ചെറുതുരുത്തിയിൽ കോൺഗ്രസ്‌ പ്രവർത്തകരാണ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ അക്രമം നടത്തിയത്‌. സംഘർഷമൊഴിവാക്കി  സമാധാനമുണ്ടാക്കാൻ സ്ഥലത്തെത്തിയ  എൽഡിഎഫ്‌ നേതാക്കളായ വള്ളത്തോൾ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേയ്ക്ക് അബ്ദുൾ ഖാദറിനേയും  സ്ഥിരംസമിതി അധ്യക്ഷൻ കെ ആർ  ഗിരീഷിനേയും മരകായുധങ്ങളുമായി  അക്രമിച്ച് പരിക്കേൽപ്പിച്ചു. സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. എൽഡിഎഫ്‌  നേതാക്കളുടെയും പ്രവർത്തകരുടെയും സമയോചിതമായ ഇടപെടലും ആത്മസംയമനവും കൊണ്ടാണ്‌ സംഘർഷം വഷളാകതിരുന്നത്‌. കെപിസിസി പ്രസിഡന്റിന്റെ കൊലവിളി കൂടുതൽ സംഘർഷമുണ്ടാക്കാനും വ്യാപിപ്പിക്കാനും ഉദ്ധേശിച്ചാണ്.  എൽഡിഎഫ്  നേതാക്കളും പ്രവർത്തരും ഇതിൽ ജാഗ്രത പാലിക്കണം. ചേലക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ ഈ നീക്കത്തെ അപലപിക്കണമെന്നും സമാധാനം നിലനിർത്താൻ മുന്നോട്ട് വരണമെന്നും എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top