03 December Tuesday

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ 
മഴ കൊടുങ്ങല്ലൂരിൽ

കെ എ നിധിൻ നാഥ്‌Updated: Tuesday Dec 3, 2024
തൃശൂർ
24 മണിക്കൂറിനിടെ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്‌ പ്രകാരം 185 മില്ലിമീറ്റർ മഴയാണ്‌ ഒരു ദിവസത്തിനിടയിൽ പെയ്‌തത്‌. കോട്ടയം–-183.8, കുരുഡമണ്ണിൽ (പത്തനംതിട്ട) –-166.2, കാഞ്ഞിരപ്പിള്ളി–- 160, ഹരിപ്പാട്‌–- 151.2 എന്നിവടങ്ങളിലും ശക്തമായ മഴയാണ്‌ ലഭിച്ചത്‌. പെരിങ്ങൽക്കുത്ത്‌–- 111,  ഏനാമാവ്‌–- 63, ചാലക്കുടി–- 48, അതിരപ്പിള്ളി–- 45.5, കുന്നംകുളം–- 33.8, വടക്കാഞ്ചേരി–- 33.8, വെള്ളാനിക്കര–- 31.1 മില്ലീമീറ്റർ മഴയാണ്‌ പെയ്‌തത്‌. ഒക്‌ടോബറിൽ ആരംഭിച്ച ഇടവപാതിയിൽ തിങ്കളാഴ്‌ച വരെ ശരാശരി മഴയാണ്‌ ലഭിച്ചിട്ടുള്ളത്‌. 466.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 364.3 മില്ലിമീറ്ററാണ്‌ ലഭിച്ചത്‌.  22ശതമാനം മഴക്കുറവാണ്‌ രേഖപ്പെടുത്തിയത്‌. അതേസമയം സംസ്ഥാനത്തെ മഴപെയ്‌ത്തിന്റെ സ്വഭാവത്തിൽ മാറ്റം സംഭവിക്കുകയാണ്‌.  ഇപ്പോൾ പെയ്യുന്നതിൽ അധികവും അതിതീവ്ര മഴയാണ്‌. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിലാണ്‌ മഴ ലഭിക്കുന്നത്‌. മിതത്വമുള്ള മഴ ഇല്ലാതാവുകയാണ്‌. കാലവർഷത്തിൽ മഴ ദിനങ്ങൾ കുറഞ്ഞെങ്കിലും ആകെ ലഭിക്കേണ്ട  മഴയുടെ ശരാശരി ലഭിച്ചു. പക്ഷെ ഇത്‌ ആശ്വസകരമായ കാര്യമല്ല. ഭൂമിക്ക്‌ ഗുണകരമാവുന്നില്ല. ഭൂമിയിലേക്ക്‌ വെള്ളം ഊർന്നിറങ്ങി ഭൂഗർഭ ജല സമ്പത്ത്‌ വർധിക്കുന്നതിനു പകരം വെള്ളം പുഴകൾ വഴി കടലിലേക്ക്‌ ഒഴുകുകയാണ്‌.  പലപ്പോഴും  ഇത്‌ വൻ നാശത്തിനും  വഴിവെക്കുന്നു. സാധാരണഗതിയിൽ ഉണ്ടാകുന്ന മഴയിൽ നിന്ന്‌ വ്യത്യസ്ഥമായി ന്യൂനമർദനം, ന്യൂനമർദ പാതി, ചുഴലിക്കാറ്റ്‌ എന്നിവ രൂപപ്പെടുന്നതിലൂടെയാണ്‌ അതിതീവ്രമഴ പെയ്യുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top