തൃശൂർ
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണർവ് 2024’ തൃശൂർ വി കെ എൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജൻ അധ്യക്ഷനാകും. പി ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാകും.
ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ‘സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വം വര്‍ധിപ്പിക്കുക' എന്ന പ്രമേയവുമായാണ് ഇക്കുറി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം. സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങളുടെ സമർപ്പണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷി വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുന്ന മികച്ച എൻഎസ്എസ്, എൻസിസി, എസ് പിസി യൂണിറ്റുകൾക്കുള്ള സഹചാരി പുരസ്കാരം സമ്മാനിക്കൽ, ഭിന്നശേഷിക്കാരുടെ കലാവതരണങ്ങൾ എന്നിവയുണ്ടാകും.
മുഹമ്മദ് യാസിൻ പ്രചോദനാത്മക പ്രഭാഷണം നടത്തും. സെറിബ്രൽ പാൾസിയെ അതിജീവിച്ച് സംവിധായകനായ രാകേഷ് കൃഷ്ണൻ കൂരമ്പാല അതിഥിയായെത്തും. മുഹമ്മദ് യാസിന്റെ സംഗീത വിരുന്നും ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി രൂപം നൽകിയ റിഥം ഓർക്കസ്ട്രയുടെ കലാവിരുന്നും അരങ്ങേറും. 20 വിഭാഗങ്ങളിലായി 31 പേര്‍ക്കാണ് ഭിന്നശേഷി പുരസ്കാരം നല്‍കുന്നത്. 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണ് സമ്മാനത്തുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..