പുഴയ്ക്കൽ
അടാട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിലങ്ങൻകുന്നിലെ വിനോദസഞ്ചാര സാധ്യതകൾ വിപുലീകരിക്കാൻ 3.45 കോടി രൂപയുടെ വികസന പദ്ധതിക്ക് സ്റ്റേറ്റ് വർക്കിങ് ഗ്രൂപ്പ് അംഗീകാരം നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ആദ്യഘട്ട സൗന്ദര്യവൽക്കരണ പ്രവൃത്തികൾക്കായി 2024-–-25 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയുടെ ഭരണാനുമതി യായിരുന്നു. പദ്ധതി നിർവഹണം പുരോഗമിക്കുന്ന ഘട്ടത്തിൽ വരുന്ന സാമ്പത്തിക വർഷത്തിൽ തുടർന്നുള്ള ഭരണാനുമതി നേടാനാകും.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളിലൂടെയാണ് വിനോദ സഞ്ചാര വകുപ്പ് ഒരു കോടി രൂപയുടെ ഭരണാനുമതി നൽകിയത്.
വാച്ച് ടവർ, റസ്റ്റോറന്റ്, സെമിനാർ ഹാൾ, ബട്ടർഫ്ലൈ ഗാർഡൻ, ഓപ്പൺ ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ഇവ മുൻഗണനാ ക്രമത്തിൽ നിർമാണം ആരംഭിക്കും. 3.45 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ വിലങ്ങൻകുന്ന് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കും.
യോഗങ്ങളും കൂട്ടായ്മകളും കലാ പരിപാടികളും സംഘടിപ്പിക്കാൻ സജ്ജമാക്കുന്നതോടൊപ്പം, ടൂറിസം കേന്ദ്രങ്ങളിൽ വിവാഹം നടത്തുന്ന ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്' ഉൾപ്പെടെയുള്ള പുതിയകാല ട്രെൻഡുകൾക്ക് ഇണങ്ങുന്ന വിധം വിലങ്ങൻകുന്നിന്റെ വികസനം യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ തുടരുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..