തൃശൂർ
കഴിഞ്ഞ ഒരാഴ്‌ചയിൽ ജില്ലയിൽ പെയ്‌തത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ജൂലൈ 25–-31 വരെയുള്ള ആഴ്‌ചയിൽ 110 ശതമാനം അധിക മഴ പെയ്‌തു. 142.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് പെയ്‌തത് 299.7 മില്ലിമീറ്ററാണ്. കാലവർഷം ഒമ്പതാഴ്‌ച പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ഈ ആഴ്‌ചയാണ്.
മഴ പെയ്‌ത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം കണക്കുകളിൽ വ്യക്തമാണ്. വളരെ കുറച്ച് ദിവസങ്ങളിൽ മാത്രമാണ് മഴയുണ്ടാകുന്നത്. ഒമ്പതിൽ അഞ്ച് ആഴ്‌ചയിലും മഴ കുറവാണ്. അതേസമയം പെയ്യുന്ന മഴയിൽ അധികവും അതിതീവ്രമാണ്. കുറച്ച് സമയത്തിനകം വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇതിനാൽ കണക്കിൽ ആകെ ലഭിക്കേണ്ട മഴ ലഭിക്കുന്നുണ്ട്. 1425 മില്ലിമീറ്റർ മഴയാണ് ഈ കാലയളവിൽ ആകെ ലഭിക്കേണ്ടത്. 1405.6 മില്ലിമീറ്റർ മഴ ലഭിച്ചു. കുറവ് ഒരു ശതമാനം മാത്രം.
ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30വരെയായി 18 ആഴ്‌ച നീണ്ട് നിൽക്കുന്നതാണ് കേരളത്തിലെ കാലവർഷം. പാതി പിന്നിട്ട കാലവർഷത്തിൽ ഒമ്പതിൽ നാല് ആഴ്‌ചയിൽ മാത്രമാണ് മഴയുണ്ടായത്. അതിൽ മൂന്ന് ആഴ്‌ചയിൽ വലിയ തോതിൽ അധിക മഴ പെയ്‌തു. അഞ്ച് ആഴ്‌ചയിൽ മഴ കുറവുമുണ്ടായി. ജൂണിൽ 74 ശതമാനമായിരുന്നു മഴ കുറവ്. ജൂലൈയിൽ രണ്ടാഴ്‌ചയിൽ 55 ശതമാനം മഴകുറവുമുണ്ടായി.
ജൂൺ ആദ്യ ആഴ്‌ചയിൽ 55 ശതമാനവും ഏഴാം ആഴ്‌ചയിൽ 60 ഉം ഒമ്പതാം ആഴ്‌ചയിൽ 110 ശതമാനവും അധിക മഴയുമുണ്ടായി. ഈ അധിക പെയ്‌ത്തിലാണ് ജില്ലയിൽ വലിയ രീതിയിൽ വെള്ളം കയറി പ്രശ്‌നങ്ങളുണ്ടാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..