22 November Friday
തിരിഞ്ഞ്‌ നോക്കാതെ സുരേഷ്‌ ഗോപി

‘ദേശീയ ദുരന്തമുണ്ടായത് തൃശൂരിലെന്ന്‌’ എംപി ഓഫീസ്‌ തുറക്കാൻ തയ്യാറായിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

 തൃശൂർ

മഴക്കെടുതിയിൽ തൃശൂരിലെ ജനങ്ങൾ കഷ്ടത അനുഭവിക്കുമ്പോൾ തിരിഞ്ഞു നോക്കാതെ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ്‌ ഗോപി. മന്ത്രിയായശേഷം ഒരിക്കൽ മാത്രമാണ്‌ ജില്ലയിൽ വന്നത്‌. തൃശൂർ ലോക്‌സഭാ മണ്ഡലത്തിന്‌ കീഴിലുള്ള ഭൂരിപക്ഷം പ്രദേശങ്ങളിലും മഴക്കെടുത്തി രൂക്ഷമായിട്ടും എംപി എന്ന നിലയിൽ ഇടപെടൽ നടത്തിയില്ല. ജനപ്രതിനിധികൾക്ക്‌ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിൽ പ്രതിനിധിയെ അയക്കുകയാണ്‌ രീതി. സുപ്രധാന യോഗങ്ങളിൽ  ഒരാളെ അയക്കാനും സുരേഷ്‌ ഗോപി തയാറാകാറില്ല. 
    വയനാട്‌ ഉരുൾപ്പൊട്ടലിൽ കേന്ദ്ര സഹായം ലഭ്യമാക്കാൻ സമയമായിട്ടില്ലെന്ന നിലപാടാണ്‌ സുരേഷ്‌ ഗോപി സ്വീകരിച്ചത്‌. കനത്ത മഴയും വെള്ളക്കെട്ടും മൂലം ക്യാമ്പുകളിൽ അഭയം തേടിയ സ്വന്തം മണ്ഡലത്തിലെ ജനതയ്‌ക്ക്‌ എതിരെയും വിദ്വേഷം പ്രകടിപ്പിക്കുകയാണ്‌ ചെയ്‌തത്‌.  സുരേഷ്‌ ഗോപിയുടെ പ്രവർത്തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ്‌ ഉയരുന്നത്‌.  ‘ദേശീയ ദുരന്തമുണ്ടായത് തൃശൂരിലാണ്’ എന്നാണ്‌ സുരേഷ്‌ ഗോപിയുടെ നിലപാടിനെ പരിഹസിച്ച്‌ സമൂഹമാധ്യമത്തിൽ ഒരാൾ കുറിച്ചത്‌ .
   തെരഞ്ഞെടുപ്പ്‌ ഫലം വന്ന്‌ രണ്ട്‌ മാസമായിട്ടും എംപി ഓഫീസ്‌ തുറക്കാനും സുരേഷ്‌ ഗോപി തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രിയായതിനാൽ മണ്ഡലത്തിൽ  എപ്പോഴും വരാൻ കഴിയില്ലെന്നാണ്‌ സുരേഷ്‌ ഗോപിയുടെ നിലപാട്‌. ജനങ്ങൾക്ക്‌ എംപിയോട്‌ പറയാനുള്ളത്‌ ബിജെപി ജില്ലാ പ്രസിഡന്റിനോട്‌ പറഞ്ഞാൽ മതിയെന്നാണ്‌ പറഞ്ഞത്‌. തങ്ങൾക്ക്‌ ഇങ്ങനെയൊരു എംപി ഇല്ലെന്ന തരത്തിലാണ്‌ നേതൃത്വം പെരുമാറുന്നത്‌. സുരേഷ്‌ ഗോപി സ്ഥാനാർഥിയായത്‌ മുതൽ ബിജെപി ജില്ലാ നേതൃത്വവുമായി തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്‌. സ്വന്തം നിലയിലാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ്‌ സുരേഷ്‌ ഗോപിയുടെ നിലപാട്‌. എംപി തങ്ങൾക്ക്‌ വഴങ്ങണമെന്നാണ്‌  നേതൃത്വത്തിന്റെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top