തൃശൂർ
ജില്ലയിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം. ബുധനാഴ്‌ച വരെ ജില്ലയിൽ മഴ മുന്നറിയിപ്പില്ല. എന്നാൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ചാലക്കുടിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 16.6 മില്ലിമീറ്റർ. കൊടുങ്ങല്ലൂർ–- 9, ഇരിങ്ങാലക്കുട–- 7.4, വടക്കാഞ്ചേരി–-5, ഏനാമാവ്–- 5, വെള്ളാനിക്കര–-1.2 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴ.
മഴ മാറി വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയതോടെ ആളുകൾ ക്യാമ്പുകളിൽ നിന്ന് മടങ്ങി തുടങ്ങി. കഴിഞ്ഞ ദിവസം 135 ക്യാമ്പുകളിലായി 3183 കുടുംബങ്ങളിൽ നിന്നുള്ള 8208 പേരാണ് ക്യാമ്പുകളിലുണ്ടായിരുന്നത്. ശനിയാഴ്‌ചത്തെ കണക്ക് പ്രകാരം116 ക്യാമ്പുകളുണ്ട്. ഇതിൽ 2556 കുടുംബങ്ങളിലെ 6453 പേരാണുള്ളത്. ഏറ്റവും കൂടുതൽ ക്യാമ്പുള്ളത് തൃശൂർ താലൂക്കിലാണ്–- 51. മൂന്നു ക്യാമ്പുള്ള കൊടുങ്ങല്ലൂരാണ് ഏറ്റവും കുറവ്. മഴ കുറഞ്ഞത്തോടെ അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞ് തുടങ്ങി. ഇതോടെ അധികവെള്ളം ക്രമീകരിക്കാൻ തുറന്ന ഷട്ടറുകൾ താഴ്‌ത്തി. പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ 32.5 സെന്റീമീറ്ററായി താഴ്‌ത്തി. പൂമല ഡാമിന്റെ ഷട്ടറുകൾ രണ്ട് സെന്റീമീറ്റാണ് തുറന്നിട്ടുള്ളത്. പീച്ചിയുടേത് 32.5 സെന്റിമീറ്ററായി കുറച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..