17 September Tuesday

ഓണവിപണി കീഴടക്കാൻ ചെങ്ങാലിക്കോടൻ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ചെങ്ങാലിക്കോടൻ നേന്ത്ര വാഴക്കുലകൾ

വടക്കാഞ്ചേരി 
ഓണ വിപണി കീഴടക്കാൻ തേനൂറും മധുരമുള്ള ചെങ്ങാലിക്കോടൻ നേന്ത്രൻ വിപണിയിലെത്തി. കാഴ്ചക്കുലകൾക്കിടയിലെ താരമായ ചെങ്ങാലിക്കോടൻ ആനക്കൊമ്പിന്‌ സമാനമായ രീതിയിൽ ഉരുണ്ട്‌ തടിച്ച്‌ കൂർത്തുള്ള കായകളാണ്‌. ഭൗമസൂചിക പദവി കിട്ടിയതോടെ പ്രത്യേക ലോഗോ ടാഗ് ചെയ്താണ് വടക്കാഞ്ചേരി അത്താണിയിലെ ഗ്രീൻ മൈത്രിയുടെ ഓണക്കാല പ്രത്യേക ചന്തയിൽ നേന്ത്രക്കായ വിൽപ്പന നടത്തുന്നത്.
 ചെങ്ങാലിക്കോടൻ ഹബ്ബുണ്ടാക്കുന്നതിനുള്ള നടപടി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ആറ്റൂരിൽ നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റിവിടുന്നതിൽ പ്രധാനിയാണ് സ്വർണ വർണമുള്ള ചെങ്ങാലിക്കോടൻ നേന്ത്രക്കായ കുലകൾ. ഓണനാളുകളിൽ മോഹവില നൽകി ചെങ്ങാലിക്കോടൻ നേന്ത്രൻ കാഴ്ചക്കുലകൾ വാങ്ങാൻ ആവശ്യക്കാരേറെയാണ്. ചെങ്ങാലിക്കോടൻ മൂല്യവർധിത ഉൽപ്പന്നങ്ങളൊരുക്കുന്നതിനുള്ള ഗവേഷണങ്ങളും സജീവമാണ്‌. തൃശൂരിൽ വേലൂർ, തയ്യൂർ, മുണ്ടത്തിക്കോട്, വടക്കാഞ്ചേരി, വാഴാനി, ചേലക്കര, തൊഴുപ്പാടം, മുള്ളൂർക്കര, വരവൂർ കണ്ണംപാറ, മച്ചാട്, മാടക്കത്തറ, പുത്തൂർ, കൈപ്പറമ്പ്, അവണൂർ, കരിയന്നൂർ, വരടിയം, മിണാലൂർ ഗ്രാമങ്ങളിലാണ് ചെങ്ങാലിക്കോടൻ കൂടുതലായി കൃഷി ചെയ്യുന്നത്. കൃഷിവകുപ്പ്‌ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ 5ന് അത്തം മുതൽ ഓണം വരെ കർഷക വിപണനകേന്ദ്രത്തിൽ ചെങ്ങാലിക്കോടൻ ഹബ്ബ് തുറക്കുമെന്ന് കൃഷി അസി. ഡയറക്ടർ പി ജി  സുജിത്ത് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top