18 December Wednesday

ഹൈടെക്ക് ചിറകിലേറി 4 സ്കൂളുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
സ്വന്തം ലേഖിക
തൃശൂർ
ജില്ലയിൽ നാല് വിദ്യാലയം കൂടി മികവിന്റെ കേന്ദ്രങ്ങൾ. പരിമിത അടിസ്ഥാന സൗകര്യത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന  മുപ്ലിയം ​ഗവ. ഹയർസെക്കൻഡറി സ്കൂൾ, വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുട്ടഞ്ചേരി ജി എൽപി സ്കൂൾ എന്നിവ ശനി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കയ്‌പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം ഗവ. യുപി സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി  ഓൺലൈനിൽ നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാവും. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ സ്‌കൂൾ കെട്ടിടങ്ങൾ ഹൈടെക്കാക്കിയത്‌. 
കിഫ്ബിയുടെ 3.90കോടി ഉപയോ​ഗിച്ചാണ് മുപ്ലിയം ​ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈടെക്കാക്കിയത്. 18 ക്ലാസ്‌ മുറികളുള്ള മൂന്നുനില കെട്ടിടമാണിത്. ലിഫ്‌റ്റുമുണ്ട്‌. കില നേതൃത്വത്തിലായിരുന്നു നിർമാണം.  കെ കെ രാമചന്ദ്രൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ്‌ പ്രിൻസ്‌ താക്കോൽദാനം നടത്തും. 
   വാടാനപ്പള്ളി ​ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോ​ഗിച്ചാണ് നിർമിച്ചത്‌. ആറ് ക്ലാസ് മുറിയും ശുചിമുറിയുമുണ്ട്‌. മുരളി പെരുനെല്ലി എംഎൽഎ ശിലാഫലകം അനാച്ചാദനം ചെയ്യും.
 ചാവക്കാട് ​ഗവ. ഹയർസെക്കൻഡറി സ്കൂൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഹൈടെക്കാക്കിയത്. നാല് ക്ലാസ് മുറിയും മൂന്ന് ശുചിമുറിയും പ്രത്യേക വാഷ് ഏരിയയുമുണ്ട്‌.  പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. എൻ കെ അക്ബർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.
   എരുമപ്പെട്ടി കുട്ടഞ്ചേരി ജിഎൽപി സ്കൂൾ കെട്ടിടം പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ഉപയോ​ഗിച്ചാണ് മികവിന്റെ കേന്ദ്രമാക്കിയത്. ആറ് ക്ലാസ് മുറിയും ശുചിമുറിയും ഒരുക്കിയിട്ടുണ്ട്.‌ പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. എ സി മൊയ്തീൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.
   കിഫ്ബിയുടെ 1.3 കോടി രൂപ ചെലവിലാണ്  കയ്‌പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം ഗവ. യുപി സ്കൂൾ കെട്ടിടം നിർമിക്കുക. ചടങ്ങിൽ ഇ ടി ടൈസൺ എംഎൽഎ  ശിലാഫലകം അനാച്ഛാദനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top