തൃശൂർ
എറണാകുളത്ത് തിങ്കളാഴ്ച തുടങ്ങുന്ന ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയുടെ വരവറിയിച്ചുള്ള ദീപശിഖ പ്രയാണത്തിന് ജില്ലയിൽ ഉജ്വല വരവേൽപ്പ്. കാസർകോട് ഹൊസ്‌ദുർഗിൽനിന്ന് തുടങ്ങിയ ദീപശിഖ പ്രയാണം ഞായറാഴ്ചയാണ് ജില്ലയിലെത്തിയത്. ചെറുതുരുത്തി പാലത്തിന് സമീപം ഡിഡിഇ എ കെ അജിതകുമാരി ദീപശിഖ ഏറ്റുവാങ്ങി. കായിക താരമായ അഭിഷേകും ഭിന്നശേഷി കായികതാരമായ ഹസ്സന്‍ പവാസും ദീപശിഖ വാഹനത്തെ അനുഗമിച്ചു.
ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കാർമൽ ഹയർസെക്കൻഡറി സ്കൂൾ എന്നീ നാലുകേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്. വടക്കാഞ്ചേരിയില്‍ ഭിന്നശേഷി കായികതാരങ്ങളായ എം ജയശങ്കറും അനുശ്രീ സന്തോഷും ചേര്‍ന്ന് ഏറ്റുവാങ്ങി. തൃശൂർ നഗരത്തിലെത്തിയപ്പോൾ കലക്ടർ അർജുൻ പാണ്ഡ്യൻ തൃശൂര്‍ മോഡല്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വരെ ദീപശിഖയേന്തി. അവിടെ വച്ച് അന്തർദേശീയ കായികതാരം ഹെലൻ മേരി ബെന്നിയും ഭിന്നശേഷി കായികതാരമായ ആഭിശുഭ ലക്ഷ്മിയും ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ ജോ. ഡയറക്ടർ കെ അബൂബക്കർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ എ എസ് മിഥുൻ, ജില്ലാ സെക്രട്ടറി കെ കെ മജീദ്, ചാവക്കാട്, ഇരിങ്ങാലക്കുട, തൃശൂർ ഡിഇഒമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തിങ്കളാഴ്ച എറണാകുളം തൃപ്പൂണിത്തുറയിൽ നിന്ന് ദീപശിഖാപ്രയാണം തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..