22 December Sunday

കുന്നോളം സ്‌നേഹം

കെ എ നിധിൻ നാഥ്‌Updated: Monday Nov 4, 2024

ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വടക്കേക്കരയിലെത്തിയപ്പോൾ സെൽഫി എടുക്കുന്നവർ

ചേലക്കര

കർഷക സമരത്തിന്റെ ഓർമകൾ ഇരമ്പുന്ന എളനാടിന്റെ മണ്ണും മനസ്സും കീഴടക്കി എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്റെ പര്യടനം. ചേലക്കരയിലെ മലയോര ഭൂമികയായ എളനാടിനെ ഇളക്കിമറിച്ചാണ്‌ ഒരോ പര്യടന കേന്ദ്രവും കടന്നുപോയത്‌.  ‘‘നന്നായി വരട്ടെ, അവൻ ജയിക്കും. അവൻ ജയിച്ചാലെ ഞങ്ങൾക്ക്‌ ഗുണമുണ്ടാകൂ’’.  കുമ്പളക്കോട്‌ മാട്ടിൻമുകളിൽ പ്രദീപിനെ കെട്ടിപിടിച്ച്‌ നെറുകയിൽ ഉമ്മ കൊടുത്ത്‌ ചിന്ന പറഞ്ഞു. 

   മാഞ്ചാടി പാലപ്പറമ്പിൽ എല്ലാവരും സ്ഥാനാർഥിയെ ഹാരാർപ്പണം നടത്തി സ്വീകരിക്കുമ്പോൾ അപ്പൂപ്പനൊപ്പം എത്തിയ മൂന്നു വയസ്സുകാരി ഹന്ന ഫാത്തിമയുടെ മുഖം പെട്ടെന്ന്‌ വാടി. എന്ത്‌ പറ്റിയെന്ന ചോദ്യത്തിന്‌ തനിക്കും ഹാരമണിയിക്കണമെന്ന്‌ മറുപടി. കൂടെയുള്ളവർ നൽകിയ ഹാരം പ്രദീപിന്റെ കഴുത്തിലിട്ടപ്പോൾ ഹന്നയുടെ മുഖം തെളിഞ്ഞു.- ഫുൾ ഹാപ്പി.  ലൈഫ്‌ പദ്ധതിയിൽ പഴയന്നൂർ കല്ലേപ്പറമ്പിൽ സർക്കാർ നിർമിച്ച കെയർ ഹോമിലെ കുടുംബങ്ങളും പ്രദീപിന്‌ സ്വീകരണമൊരുക്കി. പ്രായത്തിന്റെ അവശത മറന്നാണ്‌ ബീപാത്തു എത്തിയത്‌. 

   വടികുത്തി അരികിലെത്തി കൈപിടിച്ച്‌ ആശംസ നേർന്നു. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ സ്‌നേഹ വായ്‌പ്‌ ഏറ്റുവാങ്ങിയായിരുന്നു പര്യടനം. ചെമ്മാട്ടുകുളമ്പിലെ പര്യടനത്തിന്‌ ശേഷം കുമ്പളക്കോട്‌ മാട്ടിൻമുകളിലേക്ക്‌ പോകുന്നതിനിടയിൽ റോഡിലെ തിരക്ക്‌ മൂലം പൊട്ടക്കോട്‌ സെന്ററിൽ സ്ഥാനാർഥിയുടെ വാഹനം കുറച്ച്‌ നേരം നിർത്തി. സമീപത്തെ കടയിലെ ചേട്ടനെത്തി കൈ നൽകി, ജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടയിൽ കഴിക്കാനെന്ന്‌ പറഞ്ഞ്‌ ചെറിയൊരു പൊതിയും നൽകി. 

    ‘ഈ വാഹനത്തിന്‌ പിറകിലായി നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥി ഇതാ കടന്ന്‌ വരുന്നു’ എന്ന അനൗൺസ്‌മെന്റ്‌ കേൾക്കുമ്പോൾ തന്നെ വീടുകളിൽ നിന്ന്‌ കുട്ടികളും സ്‌ത്രീകളും ഓടിയെത്തുന്നു. 

  പലരും വാഹനം തടഞ്ഞ്‌ ആശംസ നേരുന്നു. പൂച്ചപ്പുള്ളിയിൽ കാഴ്ചക്കുലയും റോസാപുഷ്പങ്ങളും ഹാരങ്ങളുമായാണ്‌ ആളുകൾ കാത്തിരുന്നത്. 

 ഓട്ടോ തൊഴിലാളി  അനിൽകുമാർ–- അനില ദമ്പതികളുടെ മകൾ അക്ഷര വരച്ച അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം  ബാലസംഘത്തിനായി യു ആർ പ്രദീപിന് സമ്മാനിച്ചു. പഴയന്നൂർ എളനാട്‌ തിരുമണിയിൽ നിന്ന്‌ തുടങ്ങിയ പര്യടനം 44 കേന്ദ്രങ്ങളിലൂടെ തിരുവില്വമലയിലെ പല്ലൂർപടിയിൽ സമാപിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top