തൃശൂർ
കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച മൂന്ന് പ്രതികളെ അറസ്റ്റുചെയ്തു. ചേവൂർ മാളിയേക്കൽ വീട്ടിൽ മിജോ ജോസ് (29), ആളൂർ തിരുത്തിപ്പറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (33), പുത്തൻചിറ വെള്ളൂർ അരിപ്പുറത്ത് വീട്ടിൽ അഫ്സൽ (26, ഇമ്പി) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് വിൽപ്പനയ്ക്കായി മുരിയാടിലെ വാടകവീട്ടിൽ കൂട്ടാളിയുമായെത്തിയപ്പോഴാണ് ആളൂർ പൊലീസ് മിജോയെ അറസ്റ്റുചെയ്തത്. രണ്ടു കിലോ കഞ്ചാവും കണ്ടെടുത്തു. ഇരട്ടക്കൊലപാതകം, പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങി 12 കേസുകളിൽ പ്രതിയാണ്.
ചാലക്കുടി പരിയാരത്തെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ജയനെ അറസ്റ്റുചെയ്തത്. കൊലപാതകമുൾപ്പെടെ 11 കേസുകളിൽ പ്രതിയാണ്. പുത്തൻചിറയിലെ വീട്ടിലെത്തിയപ്പോഴാണ് അഫ്സലിനെ പിടികൂടിയത്. പൊലീസെത്തിയപ്പോൾ വീട്ടിൽനിന്ന് കടന്നുകളഞ്ഞ ഇയാളെ ചെങ്ങമനാടുവച്ച് അറസ്റ്റുചെയ്തു. വധശ്രമം ഉൾപ്പെടെ ഒമ്പതു കേസുകളിൽ പ്രതിയാണ്.
മാള പൊലീസ് ഇൻസ്പെക്ടർ സജിൻ ശശി, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ബാബു, സി ഡി വിനു, ആളൂർ സബ് ഇൻസ്പെക്ടർമാരായ സുബിന്ദ്, പ്രമോദ്, രാധാകൃഷ്ണൻ, പ്രദീപൻ, മാള സബ് ഇൻസ്പെക്ടർ ജസ്റ്റിൻ, ഡാൻസാഫ് സബ് ഇൻസ്പെക്ടർ ജയകൃഷ്ണൻ, എഎസ്ഐ സൂരജ്, ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിലഹരി, ആഷിക്ക്, അനൂപ്, ബിജുകുമാർ, മാള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഫഹദ്, അഭിലാഷ്, ദിബീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..