04 December Wednesday
നാശം വിതച്ച്‌ മഴ

കോൾപ്പാടങ്ങൾ 
വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

കനത്ത മഴയിൽ ചാഴൂർ കോവിലകം പടവിലെ കൃഷി വെള്ളം കയറി നശിച്ചനിലയിൽ

തൃശൂർ  
കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിൽ ജില്ലയിലെ കോൾപ്പാടങ്ങളിലെ കൃഷി വെള്ളത്തിലായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തൃശൂർ, അരിമ്പൂർ, ചേർപ്പ്,  പറപ്പൂക്കര, പഴഞ്ഞി, ഇരിങ്ങാലക്കുട  എന്നിവിടങ്ങളിലാണ്‌ വലിയ നഷ്ടമുണ്ടായത്‌. ദിവസങ്ങൾക്ക്‌ മുമ്പ്‌ വിത്തിട്ട കൃഷിയിടങ്ങൾ ഉൾപ്പെടെയാണ്‌ വെള്ളത്തിലായത്‌. പലർക്കും വിള ഇൻഷുറൻസ്‌ ചെയ്യാൻ സാധിച്ചിട്ടില്ല.
എൽത്തുരുത്ത് –- മാരാർ കോൾപ്പടവുകളിൽ ബണ്ട് പൊട്ടി വൻ കൃഷി നാശമുണ്ടായി. 150 ഏക്കറിലെ നെൽ കൃഷി നശിച്ചു. അറുപത് ദിവസത്തോളം മൂപ്പെത്തിയ നെൽകൃഷിയാണ്‌ നശിച്ചത്‌.  200 മീറ്ററോളമാണ്‌ ഇവിടെ ബണ്ട് പൊട്ടിയത്‌.  40 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
അരിമ്പൂർ  മനക്കൊടി - പുള്ള് റോഡിലൂടെ ഇറിഗേഷൻ മെയിൻ ചാൽ കവിഞ്ഞൊഴുകി വാരിയം പടവിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി. വാരിയം കോൾപ്പടവിലെ കൃഷി പൂർണമായും നശിച്ചു.  50ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.   പ്രശ്ന പരിഹാരമാവശ്യപ്പെട്ട് കർഷകർ റോഡ് ഉപരോധിച്ചു.   
പറപ്പൂക്കരയിൽ 250 ഏക്കറിലധികം സ്ഥലത്തെ കൃഷിയെ ബാധിച്ചു. പഞ്ചായത്തിലെ വില്ലച്ചിറ, പുഴമ്പാടം, താമരച്ചാൽ, ധനുകുളം, മാങ്കണ്ടം  പാടശേഖരങ്ങൾ  വെള്ളത്തിനടിയിലായി.
  പഴഞ്ഞിയിൽ  കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ കീഴിലുള്ള വടക്കേ, തെക്കേ പടവ് ബണ്ടുകൾ തകർച്ച ഭീഷണിയിലാണ്‌. ഞാറ്നടൽ പൂർത്തിയായതിനാൽ ഏതു നിമിഷവും തകരാവുന്ന നിലയിലാണ്‌ ബണ്ട്.  ചേർപ്പ്‌  ചാഴൂർ കോവിലകം പടവിലെ കൃഷി പൂർണമായി നശിച്ചു. ഞാറ് നട്ട് കഴിഞ്ഞ  350 ഏക്കറോളം പാടമാണ് മുങ്ങിയത്. ഒരാഴ്ച മുമ്പാണ് നടീൽ കഴിഞ്ഞത്. ഇരിങ്ങാലക്കുട എടതിരിഞ്ഞിയിൽ കെഎൽഡിസി കനാലിന് തെക്കുഭാഗത്ത്‌ 25 ഏക്കർ കൃഷി പൂർണമായി വെള്ളത്തിനടിയിലായി. മൂർക്കനാട് പൈങ്കിളിപ്പാടത്തെ 85 ഏക്കറിൽ വെള്ളം കയറി. മുരിയാട് കായലിലും കൃഷിക്ക് വെള്ളക്കെട്ട് ഭീഷണിയുണ്ട്.    നെൽകൃഷി നശിച്ച  വിവിധ കോൾ പ്പാടങ്ങളിൽ   കർഷകസംഘം ഭാരവാഹികൾ, ബ്ലോക്ക്‌–- ഗ്രാമ പഞ്ചായത്ത്‌  അധികൃതർ എന്നിവർ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top