23 November Saturday
ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം

അലകടൽ വിഴുങ്ങും മുമ്പേ എത്തും രക്ഷയ്ക്കായി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

കടലിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഫിഷറീസ് സേനാംഗങ്ങൾ 
മുന്‍ കലക്ടര്‍ കൃഷ്ണ തേജയോടൊപ്പം

കൊടുങ്ങല്ലൂർ 
കടലിന്റെ കനിവുതേടി പോയവർക്ക് ആപത്ത് പറ്റിയെന്ന് അറിയുന്ന നിമിഷം അവർ എല്ലാം മറക്കും. പിന്നെ ലക്ഷ്യം ഒന്നുമാത്രം കടലിന്റെ ആഴങ്ങളിൽ ജീവിതം പൊലിഞ്ഞു പോകാതെ മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിക്കണം.  സജ്ജീകരണങ്ങളോടെ ഫിഷറീസിന്റെ ബോട്ട് കടലിലേക്ക് കുതിക്കും. അതിസാഹസികമായി മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിക്കും. ഇങ്ങനെ 964 മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം ഈ വർഷം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അഴീക്കോട് ഫിഷ് ലാൻറിങ് സെന്ററിൽ നിന്നും  മത്സ്യബന്ധനത്തിന് പോയ യദുകൂലം എന്ന ഇൻബോഡ് വള്ളത്തിന്റെ എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയിരുന്നു. വള്ളത്തിലുണ്ടായിരുന്ന 45 പേരേയും റെസ്ക്യൂ സംഘമെത്തിയാണ് രക്ഷപ്പെടുത്തിയത്. 
‘വലയടിക്കുന്നതിനിടയിൽ വള്ളം അനങ്ങുന്നില്ല. ബോട്ടിന്റെ എന്‍ജിൻ പ്രവർത്തിപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ കാറ്റ് കനക്കുകയും തിരമാല ഉയരുകയുംചെയ്തതോടെ വള്ളം കടലിൽ ഒഴുകിതുടങ്ങി. അഴിക്കോട് തീരദേശ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഉടനടി രക്ഷാസംഘത്തിന്റെ ബോട്ട് ഞങ്ങളെ കണ്ടെത്തി. വള്ളത്തെ ബോട്ടുമായി ബന്ധിപ്പിച്ചു. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞങ്ങള്‍ മുനമ്പം ഹാർബറിലിറങ്ങി’– മത്സ്യത്തൊഴിലാളിയായ ഇളയാരം പുരക്കൽ അർജുനൻ പറഞ്ഞു. ഈ വർഷം റെസ്ക്യൂ സംഘം 77 രക്ഷാപ്രവർത്തനമാണ് നടത്തിയത്. 
ഫിഷറീസ് അസിസ്റ്റന്റ്  ഡയറക്ടര്‍ എം എഫ് പോൾ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലൻസ് വിങ് ഓഫീസർമാരായ വി എം ഷൈബു, വി എൻ പ്രശാന്ത്കുമാർ, ഇ ആർ ഷിനിൽകുമാർ, റസ്‌ക്യൂ ഗാര്‍ഡുമാരായ പ്രസാദ്, അൻസാർ,  ബോട്ട് സ്രാങ്ക് ദേവസി മുനമ്പം എന്നിവരാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്നു മറെൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷന്‍. അനധികൃത മീൻ പിടുത്തവും നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ പിടികൂടാനും ഇവർ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. ഈ വർഷം 35 ലക്ഷം രൂപയാണ് ജില്ലയിലെ കടലിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയവരിൽ നിന്ന് സംഘം  പിഴയിടീച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top