തൃശൂർ
അരനൂറ്റാണ്ടിന്റെ കഥയാണ് തൃശൂർ രാഗം തിയറ്ററിലെ ചുവന്ന കർട്ടനു പറയാനുള്ളത്. സിനിമാസ്‌കോപ്പ്, 70എംഎം, ത്രീഡി.. പരീക്ഷണങ്ങളിലൂടെ സിനിമ സഞ്ചരിക്കുമ്പോഴെല്ലാം അതിന്റെ കൈപിടിച്ച് രാഗവുമുണ്ടായിരുന്നു. ഇംഗ്ലീഷ് ആൽബം റോബോയിലെ പാട്ടിന്റെ താളത്തിനൊപ്പം പല നിറ വെളിച്ചത്തിന്റെ അകമ്പടിയിൽ ആ ചുവന്ന കർട്ടൻ ഉയരുമ്പോൾ സിനിമാ പ്രേമികളുടെ മനസിലും ആവേശം ഉയർന്നു തുടങ്ങും. സിനിമ തുടങ്ങും മുമ്പ് കർട്ടൻ ഉയരുന്നത് രാഗത്തിന്റെ ‘ഐകോണിക്’ അനുഭവമാണിത്. തിയറ്റർ ആരംഭിച്ച് 50 വർഷം തികയുകയാണ്.
1974 ആഗസ്‌ത് 23ന് നടൻ പ്രേംനസീറാണ് തിയറ്റർ ഉദ്‌ഘാടനം ചെയ്‌തത്. ഓലപുരയിൽ നിന്ന് ആസ്‌ബസ്‌റ്റോസ് ഷീറ്റിലേക്ക് മാറുന്ന കാലത്താണ് വമ്പൻ കെട്ടിടമായി രാഗത്തിൽ തിരശീല ഉയർന്നത്. രാമു കാര്യാട്ടിന്റെ "നെല്ല്' ആയിരുന്നു ആദ്യ ചിത്രം. ഒരു അത്ഭുതമായായാണ് കിണറ്റിങ്കൽ ഫ്രാൻസീസിന്റെ മകൻ ജോസ് തിയറ്റർ നിർമിച്ചത്. 80,000 ചതുരശ്ര അടി വലുപ്പം. രണ്ടാം നിലയിലേക്ക് റാമ്പും ചുവപ്പ് പരവതാനിയും. ബാൽക്കണിയടക്കം 1120 സീറ്റുകൾ. 70 എംഎം സ്‌ക്രീൻ. ജോസ് പല രാജ്യങ്ങളിൽ യാത്ര ചെയ്‌താണ് തിയറ്ററിന്റെ രൂപകൽപന കണ്ടെത്തിയത്. എൻജിനിയറെയും കൂടെക്കൂട്ടി.
ജോർജേട്ടൻസ്
രാഗം
ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം "തച്ചോളി അമ്പു', 70 എംഎം ചിത്രം "പടയോട്ടം', ത്രീഡി ചിത്രം "മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവ പ്രദർശിപ്പിച്ചു. 40 വർഷത്തിന് ശേഷം 2015ൽ രാഗം പ്രദർശനം നിർത്തി. 2018 ൽ ജോർജേട്ടൻസ് രാഗമായി വീണ്ടുമെത്തി.
ആരാധകർ ആഘോഷമാക്കിയത് ‘മ്മ്ടെ രാഗം’ ഹ്രസ്വ ചിത്രം ഇറക്കിയാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ഷനുള്ള ഒറ്റ സ്‌ക്രീൻ തിയറ്ററാണ്.
ഗബ്ബർ സിങ്ങിന്റെ
നാണയം
ഷോലൈ സിനിമയിൽ ഗബ്ബർ സിങ് മുകളിലേക്ക് എറിഞ്ഞ നാണയം താഴെ വീഴുമ്പോൾ പ്രേക്ഷകർ സീറ്റിനടിയിൽ നോക്കുമായിരുന്നു. ഡിടിഎസും ഡോൾബിയുമില്ലാത്ത കാലത്ത് ഗംഭീര ശബ്ദ വിന്യാസത്തോടെയാണ് തിയറ്റർ നിർമിച്ചത്.
നിർമാണത്തിലെ ‘പെരുന്തച്ചൻ’ കണക്ക് അത്ഭുതമാണ്. ഇതിനാലാണ് തിയറ്റർ ചെറുതാക്കി സ്‌ക്രീൻ കൂട്ടാതെയിരിക്കുന്നതെന്ന് നടത്തിപ്പുകാരൻ എ കെ സുനിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..