തൃശൂർ
കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേരള ആംഡ് വനിത പൊലീസ് ബറ്റാലിയൻ 19 ബി ബാച്ചിലെ 187 പേരും മലപ്പുറം എംഎസ്‌പി ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 26 –-ാം ബാച്ചിലെ 223 പുരുഷന്മാരും സേനയുടെ ഭാഗമായി. കേരള പൊലീസ് അക്കാദമി മുഖ്യപരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. പരിശീലനത്തിൽ മികവ് തെളിയിച്ചവർക്ക് മുഖ്യമന്ത്രി ട്രോഫി സമ്മാനിച്ചു. വനിതകളിൽ മികച്ച ഇൻഡോർ പ്രകടനത്തിന് ആർ രജിത, ഔട്ട്‌ഡോർ പ്രവർത്തനത്തിന് ടി ലിഖിത, മികച്ച ഷൂട്ടറായി ആൻമേരി ചിക്കു, ഓൾറൗണ്ടറായി വി എസ് ശരണ്യ എന്നിവരെ തെരഞ്ഞെടുത്തു. എംഎസ്‌പിയിൽ മികച്ച ഇൻഡോർ പ്രകടനത്തിന് കെ വി അശ്വിൻ രാജ്, ഔട്ട്‌ഡോർ പ്രകടനത്തിന് എ ജി അഭിജിത്ത്, മികച്ച ഷൂട്ടറായി എം ഹരിൻ, ഓൾറൗണ്ടറായി എ ജി അഭിജിത്ത് എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, എഡിജിപിയും പൊലീസ് അക്കാദമി ഡയറക്ടറുമായ പി വിജയൻ, തൃശൂർ റേഞ്ച് ഡിഐജി അജിതാ ബീഗം, കേരള ആംഡ് വനിത പൊലീസ് ബറ്റാലിയൻ കമാണ്ടന്റ് നകുൽ രാജേന്ദ്ര ദേശ് മുഖ് എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എ യു സുനിൽകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മേയർ എം കെ വർഗീസ് പങ്കെടുത്തു. ഒമ്പതു മാസത്തെ പരിശീലനമാണ് നൽകിയത്. വനിതകളിൽ 93 പേരും പുരുഷന്മാരിൽ 16 പേരും വിവാഹിതരാണ്. വനിതകളിൽ എംഫിൽ (1), എംബിഎ (1), എംടെക്ക് (3), ബിടെക്ക് (17), ബിഎഡ് (3), പിജി (48), ബിരുദം (100), ഡിപ്ലോമ (4), പ്ലസ്‌ടു (10) വിദ്യഭ്യാസ യോഗ്യതയുള്ളവരുണ്ട്. പുരുഷന്മാരിൽ എംബിഎ (2), ബിടെക്ക് (15), ഐടിഐ (5), ഡിപ്ലോമ (16), പിജി (17), ബിരുദം (125), പ്ലസ്‌ടു (43) വിദ്യഭ്യാസ യോഗ്യതയുള്ളവരുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..