ചേർപ്പ്
ചാഴൂർ പഞ്ചായത്തിൽ ചിറയ്ക്കൽ തോടിന് കുറുകെയുള്ള പാലം നിർമാണം ഓണം കഴിഞ്ഞാൽ ഉടൻ ആരംഭിക്കാൻ സി സി മുകുന്ദൻ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. നേരത്തെ നിർമാണം തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് കഴിഞ്ഞിരുന്നില്ല. നിലവിലുള്ള പഴയപാലം പൊളിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. പാലം പൊളിക്കുന്നതോടെ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തോടിന് കുറുകെ താൽക്കാലികമായി നിർമിച്ച ബണ്ട് റോഡിലൂടെ കടത്തി വിടും. കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്താൽക്കാലികമായി നിർമിച്ച റോഡ്
പൊളിച്ചത് ഉടൻ പുനർനിർമിക്കും. ഇതിലൂടെ വലിയ ഭാര വാഹനങ്ങൾ അനുവദിക്കില്ല. വാഹനങ്ങൾ നിയന്ത്രിക്കാൻ ഇരുഭാഗത്തും സിഗ്നലുകൾ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കും. ആറു മാസത്തിനകം വാഹനങ്ങൾ കടന്നുപോകാനാകും വിധം പുതിയ പാലത്തിന്റെ സ്ലാബുകളുടെ പണി പൂർത്തീകരിച്ച് തുറന്ന് നൽകും. 20 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. 5.9 കോടിയാണ് നിർമാണ ചെലവ്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് അധ്യക്ഷനായി. അസി. എക്സി. എൻജിനിയർ നിമേഷ് പുഷ്പൻ, ബസ് ഉടമ അസോസിയേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..