പുത്തൂർ
രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ പണം കണ്ടെത്താൻ കാരുണ്യ യാത്ര ഒരുക്കിയ സ്വകാര്യ ബസുകൾ ഓടി ശേഖരിച്ചത് 9 ലക്ഷം. ബ്ലഡ് ക്യാൻസർ ബാധിച്ച തോണിപ്പാറ സ്വദേശി ദക്ഷിൺ (7) , വൃക്കകൾ തകരാറിലായ കൊളാംകുണ്ട് സ്വദേശി പാറുക്കാരൻ സുധി (29) എന്നിവരുടെ ചികിത്സാ സഹായത്തിനായാണ് ബസുകൾ സർവീസ് നടത്തിയത്. തൃശൂർ -, ഒല്ലൂർ, -പുത്തൂർ, - പൊന്നൂക്കര, -മാന്ദാമംഗലം-,ചേരുംകുഴി-, കൊളാംകുണ്ട് ,- മരോട്ടിച്ചാൽ എന്നീ റൂട്ടുകളിലോടുന്ന 24 ബസുകളാണ് സൗജന്യമായി സർവീസ് നടത്തിയത്. ഇവരുടെ ചികിത്സക്ക് ഭീമമായ തുക ആവശ്യമായി വരുമെന്ന വിവരമറിഞ്ഞ് ബസുടമകളും ജീവനക്കാരും ഈ ഉദ്യമത്തിൽ പങ്കാളികളാകുകയായിരുന്നു. കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കലക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. പുത്തൂർ ഗവ. സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുകയും ചികിത്സാ ഫണ്ടിലേക്കായി കലക്ടർക്ക് കൈമാറി.
മന്ത്രി കെ രാജൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ ഫണ്ട് രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. ഫ്ലാഗ് ഓഫ് ചടങ്ങിൽ പുത്തൂർ പഞ്ചായത്ത് അംഗങ്ങളായ പി എസ് സജിത്ത്, ഷാജി വാരപ്പട്ടി, ടി സി ജിനോ, സുധീർ കുണ്ടായിൽ, വിഎച്ച്സ്ഇ പ്രിൻസിപ്പൽ ലിയാ തോമസ്, എൻഎസ്എസ് ജില്ലാ കോ –-ഓർഡിനേറ്റർ ടി വി സതീഷ്, പി പി ബിന്ദു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..