തൃശൂർ
സമ്പൂർണ അതിദാരിദ്ര്യ രഹിത ജില്ലയാകാൻ അതിവേഗം തൃശൂർ. അടുത്തമാസത്തോടെ ജില്ലയിലെ 90 ശതമാനം തദ്ദേശസ്ഥാപനങ്ങളും അതിദാരിദ്ര്യ മുക്തമാകും. നിലവിൽ പൂമംഗലം, അരിമ്പുഴ, ചൂണ്ടൽ, കടങ്ങോട്, കാട്ടൂർ, കൊടകര, പറപ്പൂക്കര, പോർക്കുളം, കണ്ടാണശേരി പഞ്ചായത്തുകളും കുന്നംകുളം മുൻസിപ്പാലിറ്റിയും അടക്കം ഒമ്പത് തദ്ദേശ സ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായി. ശനിയാഴ്ചയോടെ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ അതിദാരിദ്ര്യ മുക്ത പട്ടികയിലെത്തും.
ആരോഗ്യം, ഭക്ഷണം, വരുമാനം, പാർപ്പിടം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിലൂടെ ജില്ലയിൽ 5013 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൈക്രോ പ്ലാൻ തയ്യാറാക്കിയതോടെ ഇത് 4649 കുടുംബങ്ങളായി. പിന്നീട് 3511 ആയി കുറഞ്ഞു.
ഭക്ഷണത്തിന്റെ അഭാവമുണ്ടായിരുന്ന 1202 കുടുംബങ്ങളിൽ 1201ലും ഭക്ഷണം ലഭ്യമാക്കി. ആരോഗ്യം സംരക്ഷിക്കാനാകാതിരുന്ന 2720 കുടുംബങ്ങളിൽ 2705ലും ആരോഗ്യ സംരക്ഷണം ഉറപ്പാക്കി. വരുമാനമില്ലാതിരുന്ന 366 കുടുംബങ്ങളിൽ 153ലും സ്വയംസംരംഭങ്ങളിലൂടെയും മറ്റും വരുമാനവും ലഭ്യമാക്കി. 1600 കുടുംബങ്ങൾക്കാണ് താമസ സൗകര്യമില്ലാതിരുന്നത്. 429 കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കി.
സ്ഥിര താമസ സംവിധാനം ഒരുക്കാനായില്ലെങ്കിൽ വാടകയ്ക്ക് വീട് എടുത്തുനൽകി താമസസൗകര്യം ഒരുക്കാനുള്ള നടപടി ഉടൻ ആരംഭിക്കും. ഗ്രാമീണ മേഖലയിൽ 5000 രൂപയും പട്ടണമേഖലയിൽ 7000 രൂപയും നഗരത്തിൽ 8000 രൂപയും വാടകയായി നൽകും.
അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പ്രവർത്തനം അതിവേഗം കാര്യക്ഷമയോടെ പുരോഗമിച്ചതോടെ 1329 കുടുംബങ്ങൾ മാത്രമാണ് ഇനി ജില്ലയിൽ അതിദരിദ്ര രഹിതമാകാനുള്ളത്. സര്‍വേയിലൂടെ കണ്ടെത്തിയ 62.15 ശതമാനം കുടുംബങ്ങളും അതിദരിദ്രരഹിതമായി. 2025 നവംബറോടെ സംസ്ഥാനത്ത് നിന്ന് അതി ദാരിദ്ര്യം പൂർണമായും ഇല്ലാതാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..