08 September Sunday

പെരിഞ്ഞനത്തേക്ക് വരൂ, കടലിനെ അറിയാം

വെബ് ഡെസ്‌ക്‌Updated: Thursday Nov 5, 2020

കടലിൽ സ്ഥാപിച്ച കൃത്രിമപാരിൽ പവിഴങ്ങളും മുത്തുകളും പതിഞ്ഞിരിക്കുന്നു. മീനുകളേയും കാണാം

സ്വന്തം ലേഖകന്‍
തൃശൂർ
കടൽ എന്തെന്നറിയണമെങ്കിൽ പുറമേനിന്ന് നിരീക്ഷിച്ചാൽ അറിയാനാകില്ല. കടലും കടലിലെ വിഭവങ്ങളും തൊട്ടറിയാൻ പെരിഞ്ഞനം പഞ്ചായത്ത് അവസരമൊരുക്കുന്നു. പ്രകൃതിക്കു കോട്ടംതട്ടാതെ, കടലിന്റെ ആഴങ്ങളിൽ കൃത്രിമപാരുകൾ സ്ഥാപിച്ച് അവിടങ്ങളിലുണ്ടാകുന്ന മത്സ്യസമ്പത്തും മുത്തുകളും പവിഴങ്ങളുമെല്ലാം നേരിൽ കണ്ടറിയാനുള്ള അപൂർവാവസരമാണ് ഈ പദ്ധതിയിലൂടെ ഒരുക്കുന്നത്.
ഒപ്പം, വിപണനവും ലക്ഷ്യമിടുന്നു. യൂറോപ്പ്‌, അമേരിക്കൻ വികസിതരാജ്യങ്ങളിൽ കാലങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി, കൂടുതൽ വിജയകരമായി ഇന്ത്യയിലാദ്യമായി നടപ്പാക്കുന്നത് പ്രകൃതിമനോഹരമായ പെരിഞ്ഞനത്താണ്. സാറ്റ്എമ്മിന്റെ സഹായത്തോടെ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസമിതിയാണ് കാർഷിക മൂല്യശൃംഖലയിലുടനീളം സുസ്ഥിരമായ ഉൽപ്പാദനശേഷിയും സജീവ പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കിയുള്ള പദ്ധതി നടപ്പാക്കുന്നത്.
പെരിഞ്ഞനത്തിന്റെ പടിഞ്ഞാറേ അതിർത്തിയായ അറബിക്കടലിൽ 1.5 കിലോമീറ്ററിൽ കൃത്രിമ പാരുകൾ വിന്യസിച്ചാണ് പദ്ധതി നടപ്പാക്കുക. മനുഷ്യനിർമിതമായ ഈ പാരുകളിൽ  മിനുസമല്ലാത്ത പ്രതലങ്ങളായതിനാൽ മുത്തുച്ചിപ്പി, ബാർനക്കിൾസ്, പവിഴങ്ങൾ തുടങ്ങിയവ   ഒട്ടിപ്പിടിച്ചു വളരും. ഇതിൽ ആകൃഷ്ടരായി മറ്റു വലിയ മത്സ്യങ്ങളും കൃത്രിമ പാരുകളിലെത്തും. ഇത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് എളുപ്പമാക്കും. കൂടാതെ ഡൈവിങ്, സ്നർക്കേൽ ഗെയിംഫിഷിങ് മുതലായ  വിനോദത്തിനും സഞ്ചാരികൾക്ക് അവസരം ലഭിക്കും.
ഇതിനായുള്ള പാരുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. മൂന്നുമാസത്തിനകം പാരുകൾ കടലിൽ നിക്ഷേപിക്കും. തുടർന്ന് മൂന്നുമാസം പിന്നിട്ടാൽ പദ്ധതി പ്രാവർത്തികമാകും.  
ഇതിലൂടെ ലഭിക്കുന്ന മത്സ്യങ്ങൾ സമീപത്തെ മാർക്കറ്റുകളിൽ വിതരണം ചെയ്യാനും സംവിധാനം ഒരുക്കുന്നുണ്ട്. മത്സ്യങ്ങളെ ജീവനോടെയും അല്ലാതെയുമുള്ള വിപണനം കുടുംബശ്രീവഴിയാണ് നടത്തുക. മറ്റ് പ്രാദേശിക വിഭവങ്ങളോടൊപ്പം ഈ  മത്സ്യങ്ങളെ  വേവിച്ചും വിപണനം നടത്തും.  
സമുദ്രജീവികളേയും സസ്യങ്ങളേയും, പ്രത്യേകിച്ച് അലങ്കാര മത്സ്യങ്ങളേയും സസ്തനികളേയും പ്രദർശിപ്പിക്കുന്ന ഓഷ്യനേറിയവും പെരിഞ്ഞനത്ത് ഒരുക്കുന്നുണ്ട്. വിനോദത്തിനൊപ്പം വിദ്യാഭ്യാസത്തിനും ശാസ്ത്രീയ പഠനത്തിനുമുള്ള കേന്ദ്രമാണിത്. 
മറൈൻ സ്വിമ്മിങ് പൂളുമുണ്ടാകും. നീന്താനും കുളിക്കാനും സ്കൂബ ഡൈവിങ്ങിനും  സ്നോർക്കെല്ലിനുമെല്ലാം അവസരമൊരുക്കും. 
 കടലോരങ്ങൾക്കും കുളത്തിനും ചുറ്റും ഭക്ഷണശാലകളും മറ്റ് അനുബന്ധ വ്യാപാരങ്ങളും ഒരുക്കും. 
നൂതന കടൽ, മത്സ്യ സാങ്കേതികവിദ്യകൾ, നാവികരുടെ ക്ഷേമം എന്നിവയിൽ വൈദഗ്ധ്യംനേടിയ സംഘടനയായ ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് കടൽമത്സ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നത്.  
രാജ്യത്ത് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ആദ്യ പദ്ധതിയാണിത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top