22 November Friday

10 കിലോ കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024
പുതുക്കാട്
ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന്  വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്ന കുപ്രസിദ്ധ ലഹരിസംഘത്തെ  പുതുക്കാട് പൊലീസ്  പാലിയേക്കരയിൽ അറസ്റ്റ് ചെയ്തു. മിന്നൽ മുരളിയുടെ സെറ്റ് അടിച്ചു തകർത്ത കൊലക്കേസ് പ്രതിയടക്കം മൂന്നുപേരെയാണ് ചാലക്കുടി ഡിവൈഎസ്പിയുടെ സ്ക്വാഡും പുതുക്കാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവ് കണ്ടെടുത്തു.
കുപ്രസിദ്ധ ഗുണ്ട ആലപ്പുഴ സ്വദേശി വലിയകത്ത് വടക്കേതിൽ വീട്ടിൽ മൻസൂർ എന്ന രാജേഷ്(38),  പുതുക്കാട് കണ്ണമ്പത്തൂർ കരുവന്നൂക്കാരൻ വീട്ടിൽ  സുവിൻ സുരേന്ദ്രൻ (29), വരന്തരപ്പിള്ളി കുട്ടൻചിറ സ്വദേശി മനക്കുളങ്ങരപറമ്പിൽ മുനീർ(28) എന്നിവരാണ് പിടിയിലായത്. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ്‌  കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് സിമന്റ്‌ ലോറിയിൽ വരികയായിരുന്ന പ്രതികളെ പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം തകരാറിലായി. തുടർന്ന് ഭൂരിഭാഗം കഞ്ചാവും തമിഴ്‌നാട്ടിൽ വിറ്റഴിച്ച ശേഷം സുഹൃത്തിന്റെ ലോറിയിൽ നാട്ടിലേക്ക് വരികയായിരുന്നു. 
ആലുവ മണപ്പുറത്ത് മിന്നൽ മുരളി സിനിമയുടെ സെറ്റ് അടിച്ചുതകർത്ത കേസിലും തൃശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിലും ഉൾപ്പെടെ 28 ഓളം കേസുകളിൽ പ്രതിയാണ് മൻസൂർ. സുവിനും മുനീറും ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ കേസുകളിൽ പ്രതികളാണ്. 
ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ഉല്ലാസ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ കെ കെ വിശ്വനാഥൻ, പുതുക്കാട് എസ്എച്ച്ഒ വി സജീഷ് കുമാർ, എസ്ഐ എൻ പ്രദീപ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡംഗങ്ങളായ വി ജി സ്റ്റീഫൻ, കെ ജയകൃഷ്ണൻ, സി ആർ പ്രദീപ്കുമാർ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, സൂരജ് വി ദേവ്, ലിജു ഇയ്യാനി, എ യു റെജി, എം ജെ ബിനു, സി കെ ബിജു, ഷിജോ തോമസ്, പി എക്സ്  സോണി, കെ ജെ ഷിന്റൊ, എ ബി നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top