22 November Friday

വരവേറ്റു വരവൂർ 
ഗോൾഡുമായി

കെ പ്രഭാത്‌Updated: Tuesday Nov 5, 2024

ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെ രാമഞ്ചിറയിൽ വരവൂർ കൂർക്ക സമ്മാനിച്ച് സ്വീകരിക്കുന്നു ഫോട്ടോ\ ആകാശ് വസന്ത്

ചേലക്കര
വരവൂർ രാമൻചിറയിൽ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിനെ നാട്ടുകാർ വരവേറ്റത്‌ വരവൂർ ഗോൾഡ്‌ കൈമാറി. വരവൂരിലെ കർഷകരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന്‌ നട്ടുവളർത്തി വിളവെടുത്ത ഒരുകുട്ട കൂർക്കയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സുനിത കൈമാറിയത്‌. സംസ്ഥാനത്തെ ഏറ്റവും മികച്ച കൂർക്ക കൃഷി ചെയ്യുന്ന ഇടമാണിത്‌. 
       തിങ്കളാഴ്‌ച യു ആർ പ്രദീപിനെ സ്വീകരിക്കാൻ വിവിധ രാഷ്‌ട്രീയ പാർടികളിൽ നിന്നുള്ളവരും എത്തി.  സ്ഥാനാർഥിക്ക്‌ ചുവന്നഹാരങ്ങളും ഷാളുകളും പൂക്കളും കൈമാറി വിജയാശംസകൾ നേർന്നു. രാവിലെ ചേരുംപറമ്പിൽ നിന്നാരംഭിച്ച പര്യടനം മണ്ണവട്ടത്ത്‌ എത്തുന്നതിനുമുന്നേ എടപ്പത്തെക്കൻ വീട്ടിൽ ബീവാത്തുമ്മ കാത്തുനിന്നിരുന്നു. കൈയിൽ കരുതിയ പുഷ്‌പങ്ങൾ നൽകി.  ‘‘എന്റെ കരളേ, മോൻ വിജയിച്ചുവരൂ’’വെന്ന്‌  തലയിൽ കൈവച്ച്‌  ആശംസ അർപ്പിച്ചു. നസ്രത്തിൽ പ്രദീപിനെ വരവേൽക്കാൻ മുന്നിൽനിന്നത്‌ 80 പിന്നിട്ട തൈക്കാടൻ ത്രേസ്യാമ്മ ആന്റണി.  
        അച്ഛനപ്പൂപ്പന്മാരുടെ കാലംമുതൽ ഉറച്ച കോൺഗ്രസായിരുന്ന ഇരുനിലംകോട്‌ വിളക്കത്ര ലക്ഷ്‌മിക്കുട്ടിയമ്മ പൂക്കൾ നൽകി വിജയാശംസകളേകി. പുത്തൻ വീട്ടുപറമ്പിൽ ജിഷ്‌ണു–- രേഷ്‌മ ദമ്പതികളുടെ രണ്ടരവയസ്സുകാരൻ ചുവന്നഹാരമണിയിച്ചു. ഓരോ കേന്ദ്രത്തിലും എൽഡിഎഫിനെതിരെയുള്ള നുണപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും സത്യത്തിനൊപ്പം നമ്മൾ അണിചേരണമെന്നുമുള്ള  സ്ഥാനാർഥിയുടെ രാഷ്‌ട്രീയ വ്യക്തതയോടെയുള്ള ചെറുഭാഷണം ഹർഷാരവത്തോടെയാണ്‌ നാട്ടുകാർ ശ്രവിക്കുന്നത്‌. 
          കണ്ണമ്പാറയിൽ വഴിയോരക്കച്ചവടത്തിനിടെ വാഹനാപകടത്തിൽപ്പെട്ട്‌ കിടപ്പിലായ യുവാവ്‌ വാച്ചാക്കപ്പീടികയിൽ നൗഷാദ്‌. വടികുത്തിയെത്തി സ്ഥാനാർഥിയെ ഹാരമണിയിച്ചു.   ഇനിയും മാസങ്ങളോളം ചികിത്സ കഴിഞ്ഞാലേ നൗഷാദിന്‌ പൂർവസ്ഥിതിയിലാകാൻ സാധിക്കൂ. അരികിലെത്തി ആശ്വാസമേകി പ്രദീപ്‌ അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്‌.  ഇരുനിലംകോട്‌ ക്ഷേത്രത്തിനു സമീപത്തെ സ്വീകരണത്തിനുശേഷം, തൊട്ടരികിലെ ചായക്കടയിൽ കയറി ചായയും സുഹൃത്ത്‌ നൽകിയ പരിപ്പുവടയും കഴിച്ച്‌ കൂടിനിന്നവരോട്‌ സൗഹൃദം പുതുക്കി. 10\17 ഉന്നതിയിൽ പ്രദീപിനെ വരവേറ്റത്‌ മിച്ചഭൂമി സമരനായിക പാറക്കൽ പഴുക്ക. 85 പിന്നിട്ട അവർ തലയിൽ കൈവച്ച്‌  വിജയാശംസ നേർന്നാണ്‌ യാത്രയാക്കിയത്‌. നീർക്കോലിമുക്കിൽ പ്രചാരണവാഹനം തടഞ്ഞുനിർത്തി തൊഴിലുറപ്പ്‌ തൊഴിലാളികൾ രക്തഹാരമണിയിച്ചു. പര്യടനം 40 കേന്ദ്രങ്ങൾ പിന്നിട്ട്‌ കുളമ്പിൽ സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top