പീച്ചി
കേരള വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി വന ഗവേഷണ കേന്ദ്രത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക് ഉദ്ഘാടനം ചെയ്തു. പതിമൂന്ന് ഗവേഷണ വിദ്യാർഥികളെയാണ് ഹോസ്റ്റലിൽ അനധികൃതമായി സംഘടിച്ചു എന്നാരോപിച്ചാണ് പുറത്താക്കിയത്.
ജൂലൈ 21 മുതൽ 27 വരെ സ്പെയിനിൽ നടന്ന രാജ്യാന്തര ബോട്ടാണിക്കൽ കോൺഗ്രസിൽ പങ്കെടുത്ത ഗവേഷക വിദ്യാർഥി പി ശരത്തിന് മികച്ച സ്റ്റുഡന്റ് പോസ്റ്റർ അവാർഡ് ലഭിച്ചിരുന്നു. ഇതിന്റെ ആഘോഷത്തിൽ ഒത്തുചേർന്ന വിദ്യാർഥികളെയാണ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയെന്നും, മറ്റുള്ളവർക്ക് ശല്യമുണ്ടാക്കിയെന്നും ആരോപിച്ച് നടപടിയെടുത്തത്. ഈ വിഷയത്തിൽ മതിയായ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ച് ഗവേഷകർ ഹൈക്കോടതിയെ അടക്കം സമീപിച്ചിരുന്നു. കൃത്യമായ നിലവിലുള്ള നിയമാവലി അനുസരിച്ച് ഹോസ്റ്റലിൽ ഗസ്റ്റ് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയാണ് ഹോസ്റ്റലിൽ പ്രവേശിച്ചതെന്നും, മുൻ വൈരാഗ്യത്തോടെ സദാചാരം ആരോപിച്ച് സ്ഥാപനം വേട്ടയാടുകയാണ് എന്നും പുറത്താക്കപ്പെട്ട ഗവേഷകർ പറഞ്ഞു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഹോസ്റ്റൽ യോഗം വിളിക്കണമെന്നും ഗവേഷകരുടെ ഭാഗം കൂടി കേൾക്കണമെന്നും നിരന്തരം അവിശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലയെന്നും ഗവേഷകർ പറഞ്ഞു . ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ, സംസ്ഥാന ജോയന്റ് സെക്രട്ടറി മേഘ്ന എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..