ഗുരുവായൂർ
സ്വപ്ന സംഗീതം തന്ത്രികളിൽ മീട്ടി മൂവർ സംഘത്തിന്റെ വീണ, വേണു, വയലിൽ സമന്വയം ആസ്വാദകർക്ക് സമ്മാനിച്ചത് അത്യപൂർവ സംഗീത അനുഭൂതി. വീണയിൽ സൗന്ദര്യ രാജനും പുല്ലാങ്കുഴലിൽ ഡോ. പി പത്മേഷ് പരശുരാമനും വയലിനിൽ ആറ്റുകാൽ ബാലസുബ്രഹ്മണ്യവും സംഗീതലയ വിന്യാസം തീർത്തത്. മൈസൂർ വാസുദേവാചാര്യർ രചിച്ച പ്രണമാമ്യഹം ശ്രീ ഗൗരീ സുതം .. എന്നു തുടങ്ങുന്ന കീർത്തനം ഗൗള രാഗത്തിൽ വായിച്ചായിരുന്നു സംഗീത സമന്വയത്തിന് തുടക്കം. മാ മ പ സദാ ജനനി.. കാനഡ രാഗത്തിലും ചെമ്പൈക്ക് നാദം നിലപ്പോൾ എന്ന ഗാനം വിസ്തരിച്ച് അവതരിപ്പിച്ചത് ചെമ്പൈ സദസ്സിലെത്തിയ നൂറ് കണക്കിന് ആസ്വാദകരെ ഹരംകൊള്ളിച്ചു. ചങ്ങനാശ്ശേരി ജയൻ (മൃദംഗം), പെരുകാവ് പി എൽ സുധീർ എന്നിവർ സമന്വയത്തിന് പക്കമേളമൊരുക്കി.
സംഗീതലോകത്തെ അപൂർവ സഹോദരിമാരെന്ന് അറിയപ്പെടുന്ന അനാഹിതയും അപൂർവയും ചേർന്നവതരിപ്പിച്ച കച്ചേരി ആലാപന മാധുര്യത്താൽ സദസ്സിനെ വിസ്മയിപ്പിച്ചു. സന്താനഗോപാലകൃഷ്ണം …. എന്നു തുടങ്ങുന്ന കീർത്തനം കമാസ് രാഗത്തിലും നന്ദഗോപാല എന്ന കീർത്തനം ആഭേരിയിലും സാരസാക്ഷ പരിപാലയ പന്തുവരാളിയിലും ഓം നമോ നാരായണ കർണ രഞ്ജിനിയിലും അവതരിപ്പിച്ച ശേഷം മൃദുഗാരെ യശോദ എന്ന കീർത്തനം സാരംഗനാട്ടയിലും അവതരിപ്പിച്ചു. ഇടപ്പള്ളി എ അജിത് കുമാർ (വയലിൻ), അർജുൻ ഗണേഷ് ( മൃദംഗം), ഷിനു ഗോപിനാഥ് (ഘടം) എന്നിവർ സഹേദരിമാർക്ക് പക്കമേളമൊരുക്കി.
കച്ചേരിയിൽ ഇന്ന്
വൈകിട്ട് ആറിന്: അക്കര സഹോദരിമാർ(എസ് ശുഭലക്ഷ്മി, എസ് സ്വർണലത) (വായ്പാട്ട്)
രാത്രി ഏഴിന്: ബംഗ്‌ളൂരു രവികിരൺ (വായ്പാട്ട്)
രാത്രി എട്ടിന്: കെ ജയന്ത് (പുല്ലാങ്കുഴൽ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..