19 September Thursday
നിക്ഷേപത്തട്ടിപ്പ്

ഹീവാൻ കമ്പനിയുടെ 
സ്വത്തുക്കള്‍ കണ്ടുകെട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
തൃശൂർ
നിക്ഷേപത്തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനമായ ഹീവാൻ  കമ്പനിയുടെയും ഉടമകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ വേഗത്തിലാക്കും. കമ്പനിക്കെതിരെ നേരത്തേ പരാതി ഉയർന്ന ഘട്ടത്തിൽത്തന്നെ ജപ്തി നടപടി ആരംഭിച്ചിരുന്നു. 
  തുടർ നടപടികൾ ശക്തമാക്കാനാണ് പൊലീസിന്റെയും ജില്ലാ ഭരണാധികാരികളുടെയും തീരുമാനം. പൂങ്കുന്നത്തെ ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍  ജപ്തി ചെയ്യുന്നതിനാണ്  ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ്. 
ബഡ്‌സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്കും റിസർവ് ബാങ്ക് നിബന്ധനകൾക്ക് വിരുദ്ധമായും പ്രവർത്തിച്ച കമ്പനി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതെ വഞ്ചിച്ചതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടൽ. ഡയറക്ടർമാരുടെ  സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. 
ഈ സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപകരിൽനിന്നും പണം സ്വീകരിച്ച് 7.78 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പരാതി. 
 18 കേസുകളാണ് നിലവിലുള്ളത്. 62 ഓളം നിക്ഷേപകരാണ് പരാതിയുമായി രംഗത്തെത്തിയത്. കൂടുതൽ പേർ പരാതിയുമായി വരുന്നുണ്ട്. തൃശൂർ വെസ്റ്റ് പൊലീസ് അന്വേഷിച്ചിരുന്ന കേസുകൾ പിന്നീട് സിറ്റി ക്രൈം ബ്രാഞ്ച് എസിപി കെ സുഷീറിന്റെ നേതൃത്വത്തിൽ അന്വേഷിച്ചുവരികയായിരുന്നു. 
 കേസിൽ കമ്പനി ചെയർമാനും പ്രവാസി വ്യവസായിയുമായ സുന്ദർ സി മേനോനെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ഡയറക്ടർ ബിജു മണികണ്ഠന്‍ ജയിലിലാണ്. കോൺഗ്രസ് നേതാവ് സി എസ് ശ്രീനിവാസൻ ഉൾപ്പെടെ ഡയറക്ടർമാരും ഉടൻ അറസ്റ്റിലാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top