തൃശൂർ
കേരളത്തിന്റെ തനതുരുചികൾ ബംഗളൂരുവിൽ വിളമ്പി കൈയടി നേടുകയാണ് തൃശൂർക്കാരി ജയതിലകന്റെ നേതൃത്വത്തിലുള്ള ഹലോ കാറ്ററേഴ്സ്. കുടുംബശ്രീ മാതൃകയിൽ 20 മലയാളി വീട്ടമ്മമാർ ചേർന്നാണ് ഐശ്വര്യ എന്നപേരിൽ കൂട്ടായ്മയുണ്ടാക്കിയത്. അച്ചാർ വിൽപ്പനയിലായിരുന്നു തുടക്കം. അത് നഷ്ടത്തിലായതോടെ സംഘത്തിലെ അംഗസംഖ്യ കുറഞ്ഞു.
എന്നാൽ സ്വന്തമായി വരുമാനം കണ്ടെത്താൻ ജയയ്ക്കൊപ്പം ശ്രീജ, ഷജിന (കണ്ണൂർ), മിനി (തിരുവനന്തപുരം), ബിന്ദു (തൃശൂർ), സിന്ധു, ഷേബ (പത്തനംതിട്ട) എന്നിവർ കട്ടയ്‌ക്ക് നിന്നു. ഇതിനിടെയാണ് മരണാനന്തര ചടങ്ങിൽ ഭക്ഷണം വിളമ്പാൻ സംഘത്തിന് അവസരം ലഭിച്ചത്. കഴിച്ചവരെല്ലാം ‘നല്ല കേരളീയ ഭക്ഷണ’ ത്തിന് നൽകിയ പ്രോത്സാഹനത്തിൽനിന്നാണ് ഹലോ കാറ്ററേഴ്സിന്റെ പിറവി.
ആദ്യം സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ചെറിയ പരിപാടികൾക്കാണ് ഭക്ഷണമുണ്ടാക്കിയിരുന്നത്. പിന്നീട് കേരളത്തിലെ വിവിധ ജില്ലകളിലെ രുചി വൈവിധ്യങ്ങൾ മനസ്സിലാക്കി എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷണമൊരുക്കിയതോടെ കാറ്ററേഴ്സിന്റെ ഖ്യാതി അതിവേഗത്തിൽ പറന്നു. ആവശ്യക്കാരുടെ താൽപ്പര്യമനുസരിച്ച് രുചിയിൽ വ്യത്യാസം വരുത്താൻ തയ്യാറായത് സ്വീകാര്യത കൂട്ടി. ഇപ്പോൾ 3000 പേർക്കുവരെ സദ്യ ഒരുക്കുന്നു. കോവിഡ് കാലത്ത് ജയയുടെ ഭർത്താവ് തിലകന്റെ ജോലി നഷ്ടപ്പെട്ടതോടെ അദ്ദേഹവും ഒപ്പം കൂടി.
കാറ്ററിങ് വിപുലമാക്കി. ഇപ്പോൾ 50 കോളേജ് വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിയും നൽകുന്നു. ബംഗളൂരുവിലെ അബിഗെരെയിലാണ് താമസം. തൃശൂരിൽ കല്ലൂർ അയ്യങ്കോട് പുതുപ്പുള്ളിയിൽ വേലായുധന്റെയും പാർവതിയുടെയും മകളാണ് ജയ. സിവിൽ എൻജിനിയറിങ് ബിരുദധാരിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..