18 October Friday
വയനാടിനായി ഡിവൈഎഫ്ഐ

സ്‌നേഹത്തിന്റെ 
വല വീശി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

അഴീക്കോട് ബോയ ഉപയോ​ഗിച്ച് മീന്‍പിടിക്കാന്‍ തയ്യാറാകുന്ന ഡിവൈഎഫ്ഐ ലൈറ്റ് ഹൗസ് 
യൂണിറ്റിലെ പ്രവർത്തകർ

തൃശൂർ
വയനാടിനെ കൈപിടിച്ചുയർത്താൻ അഴീക്കോട് കടപ്പുറത്ത് ഒരു കൂട്ടം ചെറുപ്പക്കാർ ബോയ ഉപയോ​ഗിച്ച് മീൻപിടിക്കാനിറങ്ങി. ഡിവൈഎഫ്ഐ ലൈറ്റ് ഹൗസ് യൂണിറ്റിലെ അം​ഗങ്ങളാണിവർ. പിടിച്ചെടുക്കേണ്ട താമസമേയുണ്ടായുള്ളൂ, മീനുകളും ഞണ്ടുകളും അതിവേ​ഗം വിറ്റു. വാങ്ങുന്നവരാണ്‌ വില നിശ്ചയിച്ചത്. ജനകീയ പങ്കാളിത്തത്തോടെ നടന്ന വിൽപ്പനയിൽ 9000 രൂപ ലഭിച്ചു. ഈ തുക ഡിവൈഎഫ്ഐ വയനാട്ടിലെ ദുരിതബാധിതർക്ക്  നിർമിച്ചുനൽകുന്ന വീടിന്റെ നിർമാണത്തിനായി കൈമാറി.
വയനാടിന് പുതുജീവനേകാൻ ഇത്തരത്തിൽ നിരവധി തൊഴിലെടുത്തും പാഴ് വസ്തുക്കൾ വിറ്റും ‍‍ഡിവൈഎഫ്ഐ പ്രവർത്തകർ രം​ഗത്തുണ്ട്. ചാലക്കുടിയിലെ യുവാക്കൾ റംബൂട്ടാൻ വിറ്റാണ് 10,000 രൂപ നൽകിയത്. ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് പ്രസിഡന്റ് പി എൻ വിഷ്ണു വിവാഹ ചെലവ് ചുരുക്കി 1,11,111 രൂപ വയനാടിനായി നൽകി. വീടും ടാങ്കും വൃത്തിയാക്കിയും പച്ചക്കറി, മീൻ എന്നിവ വിൽപ്പന നടത്തിയും വിവാഹചടങ്ങുകൾ ചുരുക്കിയും ഡിവൈഎഫ്ഐ പണം സ്വരുക്കൂട്ടുമ്പോൾ, ‌പിന്തുണയുമായി സുമനസ്സുകളും രം​ഗത്തുണ്ട്. 
 കുരുന്നുകളാവട്ടെ ഏക സമ്പാദ്യമായ കുടുക്ക നൽകിയാണ് പിന്തുണച്ചത്. മരണാനന്തര ചടങ്ങുകൾ മാറ്റിവച്ച് തുക നൽകിയവരും ഉണ്ട്. ഡിവൈഎഫ്ഐയുടെ 18 ബ്ലോക്ക് കമ്മിറ്റികളിലെ 208 മേഖലാ കമ്മിറ്റികളിലും 2286 യൂണിറ്റുകളിലും പണം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. മനുഷ്യാധ്വാനം, വിവിധ ചലഞ്ചുകൾ, ജേഴ്സി ലേലം, പ്ലാസ്റ്റിക് മാലിന്യശേഖരണം, സംഭാവന ലഭിക്കുന്ന ആഭരണങ്ങൾ, പണം, പുസ്തക വിൽപ്പന, പലഹാര നിർമാണം തുടങ്ങിയവയിലൂടെ ജില്ലയിൽ നിന്ന് ഒരു കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി പി  ശരത്ത് പ്രസാദ് പറഞ്ഞു. 11 വരെയാണ് ശേഖരണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top