ചാലക്കുടി
അതിരപ്പിള്ളി- മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ കാട്ടുകൊമ്പൻ കബാലിയുടെ ആക്രമണം തുടർക്കഥയാകുന്നു. ശനി രാത്രി ഡെപ്യൂട്ടി തഹസിൽദാർ സഞ്ചരിച്ച ജീപ്പിന് നേരേയും കബാലിയുടെ പരാക്രമണമുണ്ടായി. ഷോളയാർ പെൻസ്റ്റോക്കിന് സമീപമായിരുന്നു സംഭവം.
മലക്കപ്പാറ കപ്പായം നിവാസികളുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾക്കായി പോയി തിരികെ വരുന്നവഴിയാണ് കബാലി ജീപ്പിന് നേരെ തിരിഞ്ഞത്. ജീപ്പിലും കാറിലുമായി ഡെപ്യൂട്ടി തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് മലക്കപ്പാറിയിലേക്ക് പോയത്. തിരികെ വരുന്നവഴിയാണ് ആന പ്രത്യക്ഷപ്പെട്ടത്. പിന്നിൽ വരികയായിരുന്ന കാറിനായി കാത്തുനിന്നപ്പോൾ ജീപ്പിന്റെ ബോണറ്റിൽ കുത്തി. തലനാരിഴക്കാണ് ജീപ്പിലുണ്ടായവർ രക്ഷപ്പെട്ടത്. കുറച്ചുനാളുകളായി പ്രദേശത്ത് കബാലിയുടെ ആക്രമണം പതിവായി മാറിയിരിക്കുകയാണ്. ശനി വൈകിട്ട് കെഎസ്ആർടിസി ബസിന് നേരേയും പാഞ്ഞടുത്തിരുന്നു. ഞായർ രാവിലെ നിരവധി വാഹനങ്ങൾ തടഞ്ഞിട്ട് ഗതാഗതം സ്തംഭിപ്പിച്ചു. ആനക്കയം മുതൽ ഷോളയാർ വ്യൂ പോയിന്റ് വരെയുള്ള ഭാഗത്താണ് കബാലിയെ സ്ഥിരമായി കാണുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..