22 November Friday

വരൂ, പ്രണയത്തിന്റെ നിറക്കൂട്ടിലലിയാൻ; സ്‌നേഹത്തിന്റെ പേരിലുള്ള ഇന്ത്യയിലെ ആദ്യ മ്യൂസിയം കൊടകരയിൽ

കെ വി ഹരീന്ദ്രൻUpdated: Friday Sep 6, 2024

പേർഷ്യൻ ചിത്രകാരൻ റിസ യീ അബ്ബാസി 1630 ൽ വരച്ച ‘ദി ലവേഴ്സ്' എന്ന ചിത്രം, ഗുസ്റ്റോവ് ക്ലിംന്റിന്റെ വിഖ്യാതമായ ‘കിസ്സ്' എന്ന ചിത്രം

കൊടകര > ടർക്കിഷ്‌ എഴുത്തുകാരനായ ഓർഹൻ പാമുക്കിന്റെ  ‘ദ മ്യൂസിയം ഓഫ് ഇന്നസൻസ്' എന്നൊരു നോവലുണ്ട്‌. ഇസ്‌താംബൂൾ നഗരത്തിൽനിന്ന്‌ മാറി ആരുടെയും ശ്രദ്ധയിൽ പ്പെടാതെ കിടക്കുന്ന ചുവന്ന കെട്ടിടത്തിലെ പ്രണയ മ്യൂസിയത്തെക്കുറിച്ചാണ്‌ നോവൽ.  300 ടർക്കിഷ് ലിറ (800 രൂപ ) യുടെ ടിക്കറ്റെടുത്ത് അകത്തു കയറിയാൽ കാണുന്നത്‌ പഴയ ഫർണിച്ചറും പത്രക്കടലാസുകളും സിനിമാ ടിക്കറ്റുകളും  പഴയ ഉടുപ്പുകളുമെല്ലാമാണ്‌. എന്നിട്ടും ഈ കാഴ്‌ചകൾ  കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധിപേരാണ്‌ ദിവസവും ഇവിടെയെത്തുന്നത്‌.
 
പ്രണയികളായ കെമാലിന്റെയും ഫ്യൂസുണിന്റെയും പ്രണയ അടയാളങ്ങളാണ്‌ ഈ മ്യൂസിയം നിറയെ.   നോവലിലെ നായികയായ ഫ്യുസൂൺ ഉപയോഗിച്ചതും അവൾക്ക്‌  ഏറെ പ്രിയപ്പെട്ടതുമായ  കൊച്ചുകൊച്ചു സാധനങ്ങളാണ് ഈ ചിത്രശാലയിലുള്ളത്‌.  അവൾ വലിച്ച 4213 സിഗരറ്റിന്റെ കുറ്റികൾ വരെ പ്രദർശനത്തിനുണ്ട്.   കാമുകനായ കെമാൽ രഹസ്യമായി ശേഖരിച്ചവയാണ്‌ ഇവയൊക്കെയും. നമ്മുടെ കൊടകരയിലുമുണ്ട്‌  പ്രണയ വർണങ്ങളിൽ ചാലിച്ച   ഒരു   സ്നേഹമ്യൂസിയം. ഇസ്‌താംബൂളിൽനിന്നും ഇതിനെ വ്യത്യസ്‌തമാക്കുന്നത്‌ സ്നേഹിക്കുന്നവരെയും  കാത്തുനിൽക്കുന്ന മ്യൂസിയമാണിത്.   
 
സ്‌നേഹത്തിന്റെ പേരിലുള്ള   ഇന്ത്യയിലേതന്നെ ഒരേയൊരു  മ്യൂസിയമാണിത്‌.    കൊടകരയിൽ അഴകം റോഡിനോട് ചേർന്ന് കഴിഞ്ഞ മാസമാണ്‌ ആർട്ട്‌ മ്യൂസിയം ഓഫ് ലൗ, അഥവാ സ്നേഹ സംഗ്രഹാലയം തുറന്നുകൊടുത്തത്‌. പൊതുജനങ്ങളിൽ,  പ്രത്യേകിച്ചും കുട്ടികളിൽ സ്നേഹത്തിന്റെ സന്ദേശം എത്തിക്കുകയും അവരെ സാംസ്‌കാരിക ബോധത്തിന്റെ ഉയർന്ന തലത്തിലേക്ക് എത്തിക്കുക എന്നതുമാണ്‌ മ്യൂസിയത്തിന്റെ  ലക്ഷ്യം.
 
ലോകത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളുടെ ഗണത്തിൽപ്പെടുന്നതും 1908–- ൽ ഓസ്ട്രിയൻ ചിത്രകാരൻ ഗുസ്‌റ്റോവ്  ക്ലിംന്റ്‌ ക്യാൻവാസിൽ ജന്മം നൽകുകയും ചെയ്ത ‘ദി കിസ്സ്' എന്ന ചിത്രമാണ്‌    മ്യൂസിയത്തിൽ നമ്മെ സ്വാഗതം ചെയ്യുന്നത്‌. സ്വാഭാവികത ഒട്ടും  ചോർന്നുപോകാതെയുള്ള ഗുസ്‌റ്റോവിന്റെ ചിത്രത്തിന്റെ  പുനർനിർമാണമാണ് ഇത്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ചിത്രകാരന്മാരുടെ   മണൽച്ചിത്രങ്ങൾ ഉൾപ്പെടെ വ്യത്യസ്ത രചനാ ശൈലികളിൽ സ്വാംശീകരിച്ച പ്രണയത്തിന്റെ വിവിധ ഭാവങ്ങളുള്ള  ചിത്രങ്ങളും  പ്രദർശനത്തിനുണ്ട്.
 
ലോക പ്രശസ്ത ഫോട്ടോഗ്രാഫറായ ഹെർബെർട്ട് ആഷർമാന്റെ 30 ചിത്രങ്ങൾ, ഭൂമിയോടുള്ള പ്രണയം എന്ന വിഭാഗത്തിൽ 22 , പ്രകൃതിയോട് സല്ലാപം എന്ന വിഭാഗത്തിൽ 19, പ്രണയദൈവങ്ങൾ വിഭാഗത്തിൽ 15 എന്നിങ്ങനെ 250 ഓളം ചിത്രങ്ങളും  നമ്മെ സ്വാഗതം ചെയ്യാനായി ഈ പ്രണയാലയത്തിലുണ്ട്‌.    പ്രകൃതിയുടെ സ്നേഹഭാവങ്ങൾ ചാരുതയോടെ  പകർത്തിയ ഫോട്ടോഗ്രാഫുകളും ശില്പങ്ങളും ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
 
പ്ലാറ്റിനം, സ്വർണം,  താളിയോലകൾ  ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ തീർത്ത ചിത്രങ്ങളും ഇവിടുത്തെ കൗതുകക്കാഴ്ചയാണ്. ലോക പ്രശസ്ത ഫൈൻ ആർട്സ്‌ ഫോട്ടോഗ്രാഫറായ ഡോ.  ഉണ്ണിക്കൃഷ്ണൻ പുളിക്കൽ ആണ് സ്നേഹ മ്യൂസിയത്തിന്റെ ക്യൂറേറ്റർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top