തൃശൂർ
കോൺഗ്രസ് ഭരിക്കുന്ന കിഴക്കെകോട്ട ഫാത്തിമ നഗർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട് സഹകരണ വകുപ്പ് കണ്ടെത്തി. മുൻ ഭരണസമിതി അംഗങ്ങളും മുൻ സെക്രട്ടറിമാരുൾപ്പെടെ 23 പേരിൽ നിന്നായി 2.39 കോടി രൂപ നഷ്‌ടം ഈടാക്കും. സഹകരണ നിയമം വകുപ്പ് 68(1) ചട്ടം 66 പ്രകാരം നഷ്‌ടോത്തരവാദിത്ത നടപടികൾ സ്വീകരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചു.
ഒരേ വസ്‌തു തന്നെ ഈടായി സ്വീകരിച്ച് പലർക്കായി 50 ലക്ഷം രൂപ വായ്‌പ നൽകിയതുൾപ്പെടെയുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ ജോണി ചാണ്ടി, കൗൺസിലർമാരായിരുന്ന ടി ആർ സന്തോഷ്, ബൈജു വർഗീസ് എന്നിവരിൽ നിന്നുൾപ്പടെ പണം ഈടാക്കണമെന്ന് അന്വേഷണറിപ്പോർട്ടിൽ പറയുന്നു. 2007മുതലുള്ള ഭരണസമിതിയുടേതാണ് വഴിവിട്ട നടപടികൾ.
ബാങ്ക് മുൻ പ്രസിഡന്റ് ജോണി ചാണ്ടിയുടെ ഭാര്യയുടെ പേരിലുള്ള മൂന്നര സെന്റ് ഭൂമി ഈടായി സ്വീകരിച്ച് അഞ്ച് പേർക്ക് 10 ലക്ഷം വീതം വായ്പ നൽകി. പലിശ സഹിതം 81.80ലക്ഷം കുടിശ്ശികയായി.
ഭൂമിയെ സംബന്ധിക്കുന്ന പുതിയ രേഖകൾ കൈപ്പറ്റാതെയും പലിശ വരവ് ഇല്ലാതെയുമാണ് കൂടുതൽ തുക അനുവദിച്ചത്. ഉപ നിബന്ധനകൾക്ക് വിരുദ്ധമായിട്ടാണ് 14 ഓവർ ഡ്രാഫ്‌റ്റ് വായ്‌പകൾ നൽകിയിട്ടുള്ളത്. ബാങ്കിന്റെ 2022–-23 വർഷത്തെ ഓഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 40.19 കോടി അറ്റ നഷ്‌ടമാണ്.
ക്രമക്കേട് നടത്തിയവരിൽ നിന്ന് ഈടാക്കേണ്ട തുക:
ജോണി ചാണ്ടി (മുൻ പ്രസിഡന്റ്) 18.48 ലക്ഷം, ഭരണസമിതിയംഗങ്ങളായ പി എൽ മത്തായി 1.43 ലക്ഷം, കെ വി ജോയ് 3.97ലക്ഷം, ജോൺസൻ ആലപ്പാട്ട് 17.55ലക്ഷം, ജോർജ് ജോസഫ് ചേലപ്പാടൻ 3.97ലക്ഷം, ജോജു ബേബി 17.50 ലക്ഷം, ജെറോം മഞ്ഞില (മുൻ പ്രസിഡന്റ്) 3.97ലക്ഷം, ടി ആർ സന്തോഷ് 18.48ലക്ഷം, ബൈജു വർഗീസ് (നിലവിലെ പ്രസിഡന്റ്) 16.14 ലക്ഷം, ലിസി ജോയ് 3.97ലക്ഷം, ലില്ലി ടി ജോൺ 18.48 ലക്ഷം, റെജീന ഔസേപ്പ് 17.55 ലക്ഷം, സേവ്യർ ചേലപ്പാടൻ 14.51ലക്ഷം, കെ എ ടോണി 14.51 ലക്ഷം, രാജു സി റാഫേൽ 11.19 ലക്ഷം, രാജു മുളയ്‌ക്കൽ 14.51 ലക്ഷം, വനജ രവി 14.51 ലക്ഷം, മുൻ സെക്രട്ടറിമാരായ കെ ഹരി 2.54 ലക്ഷം, എൻ പി പ്രീജി 44,025 രൂപ, പി വിജയകുമാർ 84,678, പി പി യേശുദാസ് 4.62ലക്ഷം, എം ജെ ബാബു 6.97ലക്ഷം. ഇവരിൽ കെ വി ജോയ്, റെജീന ഔസേപ്പ് എന്നിവർ മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..