26 December Thursday

ചേലക്കര താലൂക്ക്‌ ആശുപത്രിയിൽ 
പി വി അൻവറിന്റെ അതിക്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
സ്വന്തം ലേഖകൻ
ചേലക്കര 
ചേലക്കര താലൂക്ക്‌ ആശുപത്രിയിൽ പി വി അൻവർ എംഎൽഎയുടെ  നേതൃത്വത്തിൽ അതിക്രമം. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ചേലക്കര പൊലീസ്‌ കേസെടുത്തു. ചൊവ്വ രാവിലെ  അൻവറും കൂടെയുള്ളവരും ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി. ഒരു മണിക്കൂറിലേറെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. പണം ആവശ്യമുള്ളവർക്ക്‌ വായ്‌പ നൽകാമെന്നും പിന്നീട്‌ തിരികെ നൽകിയാൽ മതിയെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇതിനിടെ അൻവർ വാഗ്‌ദാനം നൽകുന്നുണ്ടായിരുന്നു. 
രാവിലെ 9.30നാണ്‌ അൻവറും കോൺഗ്രസ്‌ വിമത സ്ഥാനാർഥി എൻ കെ സുധീറും സംഘംചേർന്ന്‌ താലൂക്ക്‌ ആശുപത്രിയിലെത്തിയത്‌. സൂപ്രണ്ട്‌ എവിടെ എന്ന്‌ ചോദിച്ചായിരുന്നു പ്രകോപനം തുടങ്ങിയത്‌. സൂപ്രണ്ടും പിആർഒയും ഉൾപ്പെടെ ചിലർ  തിരുവില്വാമല കുടുംബാരോഗ്യകേന്ദ്രത്തിൽ എഎംസി മീറ്റിങ്ങിന്‌ പോയെന്ന്‌ സീനിയർ സെക്‌ഷൻ ക്ലർക്ക്‌ പി എം അബ്ബാസ്‌ പറഞ്ഞെങ്കിലും അൻവർ അടങ്ങിയില്ല. 
 ഒപിയിലെത്തി ഡ്യൂട്ടി ഇൻചാർജ്‌ ഡോ. എം എസ്‌ സ്വപ്‌നയോടും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സ്‌ താഹിറയോടും തട്ടിക്കയറി. ഒപിയിൽ നാല്‌ ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടെന്ന്‌ പറഞ്ഞിട്ടും അടങ്ങിയില്ല. ലഡ്‌ജറും ഹാജർ പുസ്‌തകവും കൊണ്ടുവരാൻ ആവശ്യപ്പെട്ടു.  കുട്ടികളുടെ വിഭാഗത്തിലെത്തിഅവിടെയുള്ള ഡോക്ടർമാരോടും തട്ടിക്കയറി. കൂടെയുള്ളവരും ഡോക്ടർമാരോടും ജീവനക്കാരോടും മോശമായി പെരുമാറി. 
24 മണിക്കൂറും സേവനമുള്ളതാണ്‌ ചേലക്കര താലൂക്ക്‌ ആശുപത്രി. പത്തു ഡോക്ടർമാരും നഴ്‌സുമാരും മൂന്ന്‌ ഷിഫ്‌റ്റുകളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്‌. ചേലക്കര പൊലീസ്‌ സ്ഥലത്തെത്തിയതോടെ 10.30ന്‌ സംഘം സ്ഥലംവിട്ടു. ആശുപത്രിയുടെ സേവനം തടസ്സപ്പെടുത്തിയതിനും ഡോക്ടർമാരോടും ജീവനക്കാരോടും മോശമായി പെരുമാറിയതിനുമാണ്‌ പി വി അൻവറിനും കൂട്ടർക്കുമെതിരെ സൂപ്രണ്ട്‌ ഡോ. കെ ആർ  സുനിൽകുമാർ ചേലക്കര പൊലീസിനും ഡിഎംഒയ്‌ക്കും പരാതി നൽകിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top