07 November Thursday
കൊടകര ഇഫക്ട്‌

ചേലക്കരയിലും ബിജെപി 
പണമൊഴുക്കിന്റെ സൂചനകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
 
ചേലക്കര
 ഉപതെരഞ്ഞെടുപ്പിൽ ബിജെപി കള്ളപ്പണമൊഴുക്കുമെന്ന മുൻ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശന്റെ  വെളിപ്പെടുത്തലിന്‌ പിന്നാലെ ചേലക്കരയിൽ പണമൊഴുക്കിന്റെ ലക്ഷണം കണ്ടു തുടങ്ങി.   ആദ്യം പ്രചാരണരംഗത്ത്‌ നിറം മങ്ങിനിന്നിരുന്ന ബിജെപി, സമീപ ദിവസങ്ങളിൽ ആഡംബര പ്രചാരണങ്ങൾക്ക്‌ തുടക്കം കുറിച്ചു. പുറമേനിന്നുള്ള ഏജൻസിയുടെ സഹായത്തോടെയാണ്‌ ചേലക്കരയിൽ വർണപ്രചാരണങ്ങൾക്കും മറ്റുമായി പണമൊഴുക്കുന്നത്‌. നേരത്തേ തൃശൂരിൽ സുരേഷ്‌ ഗോപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചുക്കാൻപിടിച്ച ഉണ്ണിക്കൃഷ്‌ണൻ വളവിലിനാണ്‌ ചേലക്കരയിലെ ചുമതല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 41.40 കോടി രൂപയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 12 കോടിയും കുഴൽപ്പണമായി ബിജെപി കേരളത്തിൽ ഇറക്കിയിരുന്നുവെന്ന്‌ പണം കൊണ്ടുവന്ന ആർഎസ്‌എസ്‌ നേതാവ്‌ ധർമരാജൻ പൊലീസിന്‌ മൊഴി നൽകിയിരുന്നു. വിതരണത്തിനിടെ സേലത്ത്‌ 4.40 കോടിയും കൊടകരയിൽ 3.50 കോടി രൂപയും ബിജെപിയോട്‌ അടുത്തുനിൽക്കുന്നവർതന്നെ കൊള്ളയടിച്ചതിന്‌ കേസും നിലവിലുണ്ട്‌. 2021 ഏപ്രിലിൽ ആറരക്കോടി രൂപ ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചതായും കേസിന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. 
      എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക്‌ പണമിറങ്ങാറുണ്ടെന്നും വയനാട്‌, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിൽ നടക്കുന്ന  ഉപതെരഞ്ഞെടുപ്പിലും ഇത്തരത്തിൽ പണമിറങ്ങുമെന്ന്‌ തിരൂർ സതീശൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പണവും മദ്യവും ഒഴുക്കുന്നതായും സൂചനയുണ്ട്‌. തുടക്കംമുതൽ മണ്ഡലത്തിൽ എവിടെയും ബിജെപി പ്രചാരണത്തിന്‌ ആളില്ല. പ്രവർത്തകർ ചില കേന്ദ്രങ്ങളിൽ മാത്രമേ ഉള്ളൂവെങ്കിലും പ്രചാരണം നന്നായി നടക്കുന്നുണ്ടെന്നും ഇതിനായുള്ള പണം എവിടെനിന്ന്‌ വരുന്നുവെന്ന്‌ അറിയില്ലെന്നും പ്രദേശത്തെ ഒരു നേതാവ്‌ പറഞ്ഞു. പണമൊഴുക്കിനെക്കുറിച്ച്‌  സ്‌പെഷ്യൽ ബ്രാഞ്ച്‌ അന്വേഷണവും നടക്കുന്നതായാണ്‌ സൂചന.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top