ചേലക്കര
വാർത്താസമ്മേളനത്തിലെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ, തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന യൂത്ത് കോൺഗ്രസ് ഭീഷണിയെ നിയമപരമായി നേരിടുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ പറഞ്ഞു.
ചെറുതുരുത്തിയിൽ ബോധപൂർവം പ്രശ്നമുണ്ടാക്കിയത് യൂത്ത് കോൺഗ്രസുകാരാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരം പോസ്റ്ററുകളിലും ബോർഡുകളിലും അത് പ്രസിദ്ധീകരിക്കുന്ന കക്ഷിയുടെയോ മുന്നണിയുടെയോ പേര് വയ്‌ക്കണം. ഇതു പാലിക്കാതെ ഊരും പേരുമില്ലാത്ത ആരോപണ ബോർഡുകൾ പൊതുസ്ഥലത്ത് സ്ഥാപിച്ചതാണ് തർക്കത്തിന്റെ കാരണം. ഇതിനെ എൽഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ അക്രമാസക്തരായ രണ്ടു പേർ പഞ്ചായത്ത് പ്രസിഡന്റിനെ മർദിക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വീഡിയോ കോൾ വിളിച്ച് എൽഡിഎഫുകാരെ താൻ എത്തിയ ശേഷം അടിക്കുമെന്ന വെല്ലുവിളി നടത്തി. ഇക്കാര്യം പുറത്തായതോടെ യുഡിഎഫ് പ്രതിരോധത്തിലായി. ക്രിമിനൽ സ്വഭാവമുള്ളവരെ തുറന്നുകാട്ടിയാൽ കേസ് ഭീഷണി മുഴക്കി തളർത്താമെന്നത് വ്യാമോഹമാണെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..