19 November Tuesday

വഴിത്താരകളിലുണ്ട് 
വികസനത്തെളിച്ചം

മുഹമ്മദ്‌ ഹാഷിംUpdated: Wednesday Nov 6, 2024

കൂട്ടിൽമുക്ക് സ്വീകരണത്തിനിടെ ധനലക്ഷ്മിയുടെയും സുമതിയുടെ വീട്ടിലെത്തി വോട്ട് അഭ്യർഥിക്കുന്ന യു ആർ പ്രദീപ്

 
ചേലക്കര
വികസന വഴികളിലൂടെയായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്റെ പര്യടനം. തൊഴുപ്പാടത്ത്‌  തലയുയർത്തി നിൽക്കുകയാണ്‌ ഗവ. എൽപി സ്‌കൂൾ.  1956 ൽ സ്ഥാപിതമായ സ്‌കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ മനോഹരമായ രണ്ട്‌ നില കെട്ടിടം. 10 ക്ലാസ്‌ മുറികളുണ്ട്‌. എംഎൽഎ ഫണ്ടിൽ താഴത്തെ നിലയ്‌ക്ക്‌ യു ആർ പ്രദീപ്‌ ഒരു കോടി  രൂപ നൽകിയപ്പോൾ മുകളിലെ നിലയ്‌ക്ക്‌ കെ രാധാകൃഷ്‌ണനും ഒരു കോടി നൽകി. പ്രീ പ്രൈമറി വിഭാഗം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്താൻ  സർക്കാർ 10 ലക്ഷവും പഞ്ചായത്ത്‌ അഞ്ച്‌ ലക്ഷവും നൽകി. സ്‌കൂൾ പരിസരത്ത്‌ വോട്ടഭ്യർഥിച്ചെത്തിയ സ്ഥാനാർഥിയോട്‌ നാട്ടുകാർ കൃതജ്ഞത രേഖപ്പെടുത്തുന്നു. 
 ചേലക്കര, പാഞ്ഞാൾ, കൊണ്ടാഴി  പഞ്ചായത്തുകളിലൂടെയായിരുന്നു ചൊവ്വാഴ്‌ച പര്യടനം. പര്യടന വഴിയിൽ നീണ്ടു കാണാം വെള്ളം നിറഞ്ഞ  ചീരക്കുഴി കനാൽ. പഴയന്നൂർ, കൊണ്ടാഴി, പാഞ്ഞാൾ, വള്ളത്തോൾ നഗർ, ദേശമംഗലം പഞ്ചായത്തുകളിലേ 1200  ഹെക്ടർ കൃഷിക്ക്‌ ചീരക്കുഴി റെഗുലേറ്ററിൽ നിന്നുള്ള വെള്ളമാണിത്‌. പ്രളയത്തിൽ തകർന്ന റെഗുലേറ്റർ യു ആർ പ്രദീപ്‌ എംഎൽഎ ആയിരിക്കേ പുനർനിർമിച്ചതാണ്‌. കർഷകർ സ്‌നേഹവായ്‌പോടെയാണ്‌ സ്ഥാനാർഥിയെ സ്വീകരിച്ചത്‌. തണ്ണിമത്തനും ജിലേബിയും ലഡുവും മിഠായിയും സമ്മാനിച്ച്‌ വരവേറ്റു. ‘‘മധുരതരമാണ്‌ ഈ സ്വീകരണം’’ എന്ന്‌ സ്ഥാനാർഥി. കായപൂവം മായന്നൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ  പ്രദീപ്‌  പറഞ്ഞു, ‘എംഎൽഎ ആയിരിക്കേ  സർക്കാർ അനുവദിച്ച  11.34 കോടി രൂപ ചെലവിട്ട്‌ നിർമിച്ചതാണ്‌. ചേലക്കരയിൽ നിന്ന്‌ ഒറ്റപ്പാലത്തേക്ക്‌ ഇതുവഴി എളുപ്പത്തിൽ പോകാം’. 
 ചേലക്കരയുടെ ഹൃദയതാളമായ  പ്രദീപിന്‌ സ്‌നേഹോഷ്‌മള സ്വീകരണമായിരുന്നു എങ്ങും. ശ്രീപുഷ്‌കരംകുളത്ത്‌   ബന്ധുവിന്റെ ഒക്കത്തിരുന്ന്‌ രണ്ടുവയസ്സുകാരി ദുആ പുഷ്‌പം നൽകി സ്ഥാനാർഥിയെ സ്വീകരിച്ചു. പക്ഷാഘാതം വന്ന്‌ വീട്ടിൽ വിശ്രമിക്കുകയായിരുന്ന പഞ്ചായത്തംഗം  രമണി ആൽത്തറയിലെ സ്വീകരണ കേന്ദ്രത്തിൽ കസേരയിൽ  കാത്തിരുന്ന്‌ സ്വീകരിച്ചു. മരുതംകാടിൽ പാർവതിയമ്മ പറഞ്ഞു ‘‘പ്രദീപേ ജയിക്കൂ, അല്ലാതെ മറ്റാര്‌’’. പ്രധാന റോഡിൽ നിന്ന്‌ മരച്ചിലകളും കാടുകളും വകഞ്ഞുമാറ്റി  ഊടുവഴികളിലൂടെ  വോട്ടർമാരെ കാണാനെത്തി  തുറന്ന വാഹനത്തിൽ.  അയ്യൂർ മഠംപറമ്പിൽ പട്ടിജാതി ഉന്നതിയിലെ കുട്ട നെയ്‌ത്ത്‌ കേന്ദ്രത്തിലെ തൊഴിലാളികളെ കണ്ടു.  16 പേരുണ്ടിവിടെ. കുട്ടകൾ തിരൂരിലേക്കാണ്‌ കയറ്റി അയക്കുന്നത്‌.  മാങ്കുളത്ത്‌ പരിചയക്കാരൻ പി എം മണികണ്‌ഠന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹമില്ല.  ഭാര്യ കവിത മൊബൈലിൽ വീഡിയോ കോളിൽ ഭർത്താവിനെ വിളിച്ച്‌ കൊടുത്തു. ലാസർപടിയിൽ സ്ഥാനാർഥി സംസാരിക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ പൂമുഖത്ത്‌ വടിയും കുത്തി നിൽക്കുന്ന 78 വയസ്സുള്ള ധനലക്ഷ്‌മിക്കും സുമതിക്കും പ്രദീപിനെ കാണാൻ ആഗ്രഹം. ചെറുഭാഷണം കഴിഞ്ഞ്‌ പ്രദീപെത്തി  അമ്മമാരെ കാണാൻ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top