തൃശൂർ
ജൂലൈ മുതൽ പെയ്‌ത കനത്ത മഴയിൽ ജില്ലയിലെ കാർഷിക മേഖലയും വെള്ളത്തിലായി. ഓണവിപണി ലക്ഷ്യമിട്ട് തുടങ്ങിയ പച്ചക്കറികളുൾപ്പെടെ കാർഷിക മേഖലയിൽ 26.40 കോടി രൂപയുടെ നഷ്‌ടമാണ് കൃഷി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. ശക്തമായ മഴയാണ് ജൂൺ, ജൂലൈ മാസങ്ങളിൽ ജില്ലയിൽ പെയ്‌തത്.
കൃഷി വകുപ്പിന്റെ സർവേ റിപ്പോർട്ട് പ്രകാരം 5,895 കർഷകരെ മഴ ബാധിച്ചു. 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,672.67 ഹെക്‌ടർ ഭൂമിയിലാണ് നാശനഷ്‌ടം. ഏറ്റവും കൂടുതൽ ഒല്ലൂക്കര ബ്ലോക്കിലാണ്. 1,303 പേരുടെ 70.73 ഹെക്‌ടർ കൃഷി നശിച്ചു.
പഴയന്നൂർ ബ്ലോക്കിൽ 1,008 കർഷകരുടെ കൃഷി നശിച്ചു. 289.56 ഹെക്‌ടറിൽ ചെയ്‌ത കൃഷിയാണിത്. മൂന്ന് കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. മതിലകത്ത് 454 ഹെക്‌ടറും, വടക്കാഞ്ചേരിയിൽ 280.21 ഹെക്‌ടർ കൃഷിയുമാണ് നശിച്ചത്.
ഓണ വിപണി പ്രതീക്ഷിച്ചു തുടങ്ങിയ നേന്ത്രവാഴ, പയർ കൃഷികൾ ഉൾപ്പെടെ നശിച്ചതു വലിയ തിരിച്ചടിയാകും. പച്ചക്കറി കൃഷി മാത്രം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. 645 ഹെക്‌ടറിലെ നെൽകൃഷിയാണ് നശിച്ചത്. 96 കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കുലച്ച വാഴകൾ നശിച്ച് മാത്രം 10 കോടിയുടെ നഷ്‌ടമുണ്ടായി.
ഓണവിപണി മുന്നിൽ കണ്ട് ആരംഭിച്ച പച്ചക്കറി, പൂകൃഷികളെല്ലാം പ്രതിസന്ധിയിലാണ്. മഴ കനത്താൽ കൃഷി പുനരാംഭിക്കാനുള്ള സാധ്യതയും മങ്ങും. പല കൃഷികളും വിളവടുത്തിരിക്കുന്ന ഘട്ടത്തിലായിരുന്നു മഴയുടെ വരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..