14 November Thursday

പഠിക്കാനേറെയുണ്ട്; ആസ്വദിക്കാനും

സ്വന്തം ലേഖികUpdated: Wednesday Aug 7, 2024

ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച, അന്തരിച്ച ചിത്രകാരൻ 
വിഎസ് ബാലകൃഷ്ണന്റെ ചിത്ര ശില്‍പ്പ പ്രദർശനത്തിൽ നിന്ന്

തൃശൂർ 
ചിത്രകലാ അധ്യാപകനും ശിൽപ്പിയുമായിരുന്ന വി എസ് ബാലകൃഷ്ണന്റെ സ്മരണാർഥം ശിഷ്യന്മാരും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച ചിത്ര ശിൽപ്പ പ്രദർശനത്തിന് ലളിതകലാ അക്കാദമിയിൽ തുടക്കമായി. വി എസ് ബാലകൃഷ്ണൻ ഓയിൽ പെയിന്റും വാട്ടർ കളറും മാധ്യമമാക്കി വരച്ച ചിത്രങ്ങളും സിമന്റും കമ്പിയും ഉപയോ​ഗിച്ച് നിർമിച്ച ശിൽപ്പങ്ങളും കുമിൾ മരത്തടിയിലുണ്ടാക്കിയ കുമ്മാട്ടി മുഖങ്ങളുമാണ് പ്രദർശനത്തിലുള്ളത്. 
ചിത്രകാരന്മാരും ചിത്രകലാവിദ്യാർഥികളും ആസ്വാദകരുമടക്കം നിരവധിപേരാണ് പ്രദർശനം കാണാനെത്തുന്നത്. പ്രദർശനത്തിലെ സൃഷ്ടികളിൽ നിന്ന് പഠിക്കാനേറെയുണ്ടെന്ന് ചിത്രകലാ വിദ്യാർഥികൾ പറയുമ്പോള്‍ ശിവൻ, ശ്രീരാമൻ, ​ഗണപതി, ഹനുമാൻ ഉൾപ്പടെയുള്ള കുമ്മാട്ടി മുഖങ്ങളാണ് ആസ്വാദകരുടെ ഹൃദയം കീഴടക്കുന്നത്. ആസ്വാദകർക്ക് സൃഷ്ടികളെക്കുറിച്ച് വിവരിച്ച് നൽകാൻ വി എസ് ബാലകൃഷ്ണന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും പ്രദർശന സ്ഥലത്തുണ്ട്.
1968-–- 1998 കാലഘട്ടത്തിൽ തൃശൂർ ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചിത്രകല അധ്യാപകനായിരുന്നു വി എസ് ബാലകൃഷ്ണൻ. ആറുതവണ ലളിത കലാ അക്കാദമി അവാർഡ് ജേതാവായിരുന്നു. 1974ൽ സ്വർണമെഡലും നേടിയിട്ടുണ്ട്. 2023 ജനുവരി 23നാണ് വി എസ് ബാലകൃഷ്ണൻ മരിച്ചത്. അതേ ദിവസം അക്കാദമിയില്‍ ചേര്‍ന്ന അനുസ്മരണ യോ​ഗത്തിലാണ് സുഹൃത്തുക്കളും ശിഷ്യന്മാരും ചേർന്ന് ചിത്ര ശില്‍പ്പ പ്രദര്‍ശനം തീരുമാനിച്ചത്. ലളിത കലാ അക്കാദമി സഹകരണവും വാ​ഗ്ദാനം ചെയ്തു. 
ശിഷ്യന്മാരായ ശങ്കർജി, പി എസ് ​ഗോപി, സുഹൃത്തുക്കളായ കെ എസ് ഹരിദാസ്, സോമൻ അഥീന, കെ കെ ദാസപ്പൻ, സി ആർ പ്രകാശ്, ടി എം ആനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ജോഷി ഇമ്മട്ടിയാണ് ചിത്രങ്ങൾ റീവർക്ക് ചെയ്തത്. 11ന് പ്രദർശനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top