17 November Sunday
ഗുരുവായൂരിൽ നാളെ 358 വിവാഹം

ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024
​ഗുരുവായൂർ
 ഗുരുവായൂരിൽ  ഞായറാഴ്‌ച   358  വിവാഹങ്ങൾ നടക്കുന്ന സാഹചര്യത്തിൽ   തിരക്ക്‌ കണക്കിലെടുത്ത്‌   പ്രത്യേക ക്രമീകരണങ്ങളൊരുക്കുമെന്ന് ദേവസ്വം ചെയർമാൻ  ഡോ. വി കെ വിജയൻ.  ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. വിവാഹങ്ങൾ നടത്തുന്നതിനായി ആറ്‌  കല്യാണ മണ്ഡപങ്ങൾ ഒരുക്കും. സാധരണയിൽനിന്നും  വ്യത്യസ്‌തമായി വിവാഹങ്ങൾ ഒരുമണിക്കൂർ നേരത്തെ,   പുലർച്ചെ 4ന്‌ ആരംഭിക്കും.  മണ്ഡപങ്ങളെല്ലാം ഒരുപോലെ അലങ്കരിക്കും. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ  ആറ് ക്ഷേത്രം കോയ്മമാരെ   നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം  രണ്ട്‌ മംഗളവാദ്യസംഘമുണ്ടാകും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി   തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ  ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേനട വഴി മടങ്ങണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ  24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനമുള്ളൂ.  
  ദർശനത്തിനും പ്രത്യേക  ക്രമീകരണം ഒരുക്കും. പുലർച്ചെ നിർമാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി  നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദർശനത്തിനുള്ള പൊതുവരി ക്ഷേത്രം വടക്കേ നടയിലൂടെ, പടിഞ്ഞാറേ കോർണർ വഴി  ക്യൂ കോംപ്ലക്‌സിനകത്തേക്ക് കയറ്റി വിടും. ദർശന ശേഷം   ക്ഷേത്രം പടിഞ്ഞാറേ നടവഴി, തെക്കേ തിടപ്പളളി വാതിൽവഴി മാത്രമേ പുറത്തേക്ക് പോകാൻ പാടുള്ളു.  ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേ നടയിലെ ക്യൂ കോംപ്ലക്സ് വഴി  കടത്തിവിടും. വിവാഹത്തിരക്ക് പരിഗണിച്ച് കിഴക്കേ നടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും   പ്രവേശനമുണ്ടാകില്ല. ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് മുന്നിൽ നിന്ന്‌ തൊഴാനെത്തുന്നവർ  ക്യൂ കോംപ്ലക്സിൽ പ്രത്യേകം ഏർപ്പെടുന്ന ലൈൻ വഴി കിഴക്കേ ഗോപുര സമീപം വന്ന് ദീപസ്തംഭത്തിന് സമീപമെത്തി തൊഴുത് തെക്കേ ഭാഗത്തേയ്ക്ക് പോകേണം.  ഞായറാഴ്ച ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.  ദേവസ്വം സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം കൂടുതൽ പൊലിസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. 
ഭരണസമിതിയം​ഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപാട്, തന്ത്രി പി സി ദിനേശൻ നമ്പൂതിരിപാട്, കെ  പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനായൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 ശ്രീകൃഷ്ണാ സ്കൂൾ 
മൈതാനത്ത്‌  പാർക്ക് ചെയ്യാം 
 ഗുരുവായൂരിൽ എത്തുന്നവരുടെ  കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ  കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിങ് സമുച്ചയത്തിന് പുറമെ, മമ്മിയൂർ ജങ്‌ഷന് സമീപത്തെ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനവും സജ്ജമാക്കി . ഇവിടേയും പടിഞ്ഞാറെ നടയിലെ  ബസ്സ് സ്റ്റാൻഡ്‌ എന്നിവിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാം. വാഹനങ്ങൾ റോഡരുകിൽ പാർക്ക് ചെയ്യരുത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top