17 September Tuesday
തൃശൂരിലും ചാലക്കുടിയിലും സ്‌പിരിറ്റ്‌ വേട്ട

ബിജെപി പ്രവർത്തകനടക്കം 
2 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Saturday Sep 7, 2024

തൃശൂർ ലാലൂരിനടുത്ത് സ്വാമിപാലത്തിന് സമീപം വീട്ടിൽ സ്‌പിരിറ്റ്‌ ശേഖരം പൊലീസ് പരിശോധിക്കുന്നു

തൃശൂർ/ ചാലക്കുടി
 വീട് വാടകയ്‌ക്കെടുത്ത്‌ സ്‌പിരിറ്റ്‌ ഗോഡൗണാക്കിയ ബിജെപി പ്രവർത്തകനടക്കം രണ്ടുപേർ അറസ്റ്റിൽ. സിപിഐ എം പ്രവർത്തകൻ ഏങ്ങണ്ടിയൂർ സ്വദേശി ഐ കെ ധനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയായ വാടാനപ്പള്ളി  തയ്യിൽ വീട്ടിൽ കുമാരൻകുട്ടിയുടെ മകൻ  മണികണ്‌ഠനെ (41)  വെസ്റ്റ്‌ പൊലീസും കോട്ടയം ഈരാറ്റുപേട്ട തിടനാട് സ്വദേശി മുണ്ടക്കൽ വീട്ടിൽ സച്ചു (32)വിനെ ചാലക്കുടി പൊലീസും പിടികൂടി. ധനീഷനെ ഉൾപ്പെടെ രണ്ട്‌ പേരെ കൊന്ന കേസിലടക്കം  40 ക്രിമിനൽ കേസിൽ പ്രതിയാണ്‌ മണികണ്ഠൻ. ലാലൂർ കാര്യാട്ടുകര സ്വാമിപാലത്തിന് സമീപം ജനവാസമേഖലയിൽ  വീട്‌ വാടകയ്‌ക്കെടുത്ത്‌ സ്‌പിരിറ്റ്‌ ഗോഡൗണാക്കുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ  5,500 ലിറ്ററോളം സ്‌പരിറ്റാണ്‌ പിടിച്ചെടുത്തത്‌. മുറിയിൽ 110 കന്നാസുകളിലായാണ്‌ സൂക്ഷിച്ചിരുന്നത്‌.  രണ്ടാം ഭാര്യയും കുട്ടികളും ഈ വീട്ടിലാണ്‌ താമസിക്കുന്നത്‌.  
     തൃശൂർ, എറണാകുളം, മലപ്പുറം  ഭാഗത്തുള്ള കള്ളുഷാപ്പിലേക്ക് വീര്യം കൂട്ടാനായുള്ള സ്‌പിരിറ്റ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നാണ്‌ സൂചന. ആറുമാസം മുമ്പാണ് ഇയാൾ വീട് വാടകയ്‌ക്കെടുത്തത്‌. വളം സൂക്ഷിപ്പ് കേന്ദ്രമണെന്നാണ്‌ പറഞ്ഞിരുന്നത്‌.  വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അയൽവാസികളും വഴിയിലൂടെ പോകുന്നവരും അറിയാതെയിരിക്കാൻ മുന്നിൽ കെട്ടി മറച്ചിരുന്നു.  കാവലായി മൂന്ന്‌ നായകളേയും വളർത്തിയിരുന്നു. വെള്ളി ഉച്ചയ്‌ക്ക്‌ ആരംഭിച്ച   പരിശോധന രാത്രിയിലാണ്‌ അവസാനിച്ചത്‌.
തൃശൂർ റൂറൽ പൊലീസ് മേധാവി നവനീത് ശർമയുടെ മേൽനോട്ടത്തിൽ ചാലക്കുടിയിൽ  നടന്ന  വാഹന പരിശോധനയിലാണ്‌ സ്‌പിരിറ്റുമായി സച്ചു പിടിയിലായത്‌. അമിതവേഗത്തിൽ വരികയായിരുന്ന കാറിനെ പിന്തുടർന്ന് പോട്ട സിഗ്നലിന് സമീപത്തുവച്ചാണ് പിടികൂടിയത്.  ഡിക്കിയിൽ നിന്ന്‌  35 ലിറ്റർ ശേഷിയുള്ള 11 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റ്‌ പിടികൂടി.  തൃശൂരിൽനിന്ന്‌ കൊച്ചിയിലേക്ക്‌ കൊണ്ടുപോയ സ്‌പിരിറ്റാണിത്‌. ചോദ്യം ചെയ്യലിലാണ്‌ ഇതിന്റെ ഉറവിടവും സൂത്രധാരൻ മണികണ്ഠനെക്കുറിച്ചുള്ള വിവരവും ലഭിച്ചത്‌.
സിഐമാരായ യു എച്ച് സുനിൽദാസ്, പി ലാൽ കുമാർ,  എസ്‌ഐമാരായ അൽബിൻ തോമസ് വർക്കി, ഹരിശങ്കർ പ്രസാദ്,  ക്രൈം സ്‌ക്വാഡ് അംഗങ്ങളായ  സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, പി ഐ ദിനേശ്, എ യു റെജി, എം ജെ ബിനു, ഷിജോ തോമസ്, കെ കെ മഹേഷ്,  സീനിയർ സിപിഒ ആൻസൻ പൗലോസ്, സിപിഒമാരായ കെ എം സനോജ്, ശ്യാം ചന്ദ്രൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്ഐ മുരുകേഷ് കടവത്ത്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സി ബി ഷെറിൽ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top