28 December Saturday
●2 ഗ്യാസ്‌ സിലിണ്ടർ, എടിഎമ്മിൽ പണം നിറയ്ക്കുന്ന 
9 ട്രേകൾ, ഡിവിആർ എന്നിവ ലഭിച്ചു

ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും പുഴയിൽ നിന്ന്‌ കണ്ടെടുത്തു

സ്വന്തം ലേഖകൻUpdated: Monday Oct 7, 2024

താണിക്കുടം പുഴയിൽനിന്ന് അഗ്നിരക്ഷാസേന എടിഎം ട്രേ മുങ്ങിയെടുക്കുന്നു ഫോട്ടോ: ജഗത്ലാൽ

 തൃശൂർ

 ജില്ലയിൽ മൂന്നിടത്ത്‌ എടിഎം കവർച്ചയ്‌ക്കുപയോഗിച്ച ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും താണിക്കുടം പുഴയിൽനിന്ന്‌ കണ്ടെടുത്തു. എടിഎം കവർച്ചാക്കേസിലെ പ്രതികളുമായുള്ള തെളിവെടുപ്പിലാണ്‌ നിർണായകമായ തൊണ്ടി മുതലുകൾ കണ്ടെടുത്തത്‌.  രണ്ട്‌ ഗ്യാസ്‌ സിലിണ്ടർ,  എടിഎമ്മിൽ പണം നിറയ്ക്കുന്ന ഒമ്പത്‌ ട്രേകൾ ഷൊർണൂർ റോഡ്‌ എടിഎമ്മിലെ വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ്‌ ചെയ്യുന്ന ഡിവിആർ എന്നിവയാണ്‌  കണ്ടെത്തിയത്‌. അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ഡൈവിങ്‌ സംഘമാണ്‌ പുഴയിൽ തെരച്ചിൽ നടത്തിയത്‌. കണ്ടെത്തിയ ട്രേകൾ എസ്ബിഐയുടേതാണെന്ന് എടിഎം കോഡിനേറ്റർ സ്ഥിരീകരിച്ചു. തൃശൂർ എസിപി സലീഷ്‌ എൻ  ശങ്കർ, ഈസ്റ്റ്‌ സിഐ എം ജെ ജിജോ  എന്നിവരുടെ  നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌. 
കവർച്ചയിൽ നേരിട്ട്‌ പങ്കാളികളായ  മുഹമദ്‌ ഇക്രാം,  തെൻസിൽ ഇഫർഫാൻ,   ഷൗക്കീൻ, സാബിർ ഖാൻ എന്നീ  പ്രതികളെ  ഞായറാഴ്‌ച രാവിലെ ഷൊർണൂർ റോഡിലെ എസ്ബിഐ എടിഎമ്മിൽ എത്തിച്ച്‌  തെളിവെടുപ്പ്‌ നടത്തി.  കട്ടർ ഉപയോഗിച്ച്  എടിഎം മുറിച്ച ഷൗക്കീൻ, സാബിർ ഖാൻ എന്നിവരെ  കൗണ്ടറിനുള്ളിൽ കയറ്റി തെളിവെടുത്തു. തുടർന്നാണ്‌ പുഴയിൽ പരിശോധനയ്‌ക്കെത്തിച്ചത്‌.  കൊള്ളയടിക്കപ്പെട്ട മറ്റുരണ്ട്‌ എടിഎമ്മുകളിലും വരുംദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. 
 കോലഴി എടിഎം  കവർച്ചക്കുശേഷം മണ്ണുത്തി ദേശീയ പാതയിലേക്ക്‌   രക്ഷപ്പെടുന്നതിനിടെ താണിക്കുടം പാലത്തിൽ കാർ നിർത്തി ആയുധവും ട്രേകളും പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു പ്രതികളുടെ മൊഴി.  പട്ടിക്കാട്ട്‌  കാത്തുകിടന്നിരുന്ന  കണ്ടെയ്നർ ലോറിയിലേക്ക്‌ കാർ കയറ്റി രക്ഷപ്പെടുകയായിരുന്നു. ഹരിയാനയിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടയിൽ നാമക്കലിൽ  തമിഴ്‌നാട്‌ പൊലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്നാണ്‌ പ്രതികൾ  പിടിയിലായത്‌.  സെപ്‌തംബർ 27ന് പുലർച്ചെയാണ് തൃശൂരിൽ മൂന്ന്‌ എടിഎമ്മുകൾ തകർത്ത്‌   69.41 ലക്ഷം കവർന്നത്.  ഒരു പ്രതി ജമാലുദീൻ പൊലീസ്‌ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു പ്രതി അസർ അലിയുടെ കാൽ വെടിയേറ്റ്‌ മുറിച്ചു മാറ്റേണ്ടി വന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top