22 November Friday
കടൽപ്പക്ഷി സർവേയുമായി വനംവകുപ്പ്‌

കടലിൽ കാണാം; 
കാണാപ്പക്ഷികൾ

സി എ പ്രേമചന്ദ്രൻUpdated: Thursday Nov 7, 2024

കടൽപ്പക്ഷി സർവേ ടീം

തൃശൂർ 
 അറബിക്കടലിലുണ്ട്‌ തീരത്ത്‌ കാണാത്ത പക്ഷി സങ്കേതങ്ങൾ.  വംശനാശ ഭീഷണി നേരിടുന്ന അപൂർവ പക്ഷിയിനങ്ങളെയും കേരളത്തിലെ കടലിൽ കണ്ടെത്തി. വനംവകുപ്പിന്റെ നേതൃത്വത്തിൽ  25 പക്ഷി നിരീക്ഷകർ മീൻപിടിത്ത ബോട്ടിൽ  സഞ്ചരിച്ച്‌  സാഹസികമായി നടത്തിയ കടൽപ്പക്ഷി സർവേ  പ്രതീക്ഷയുടെ ചിറകടിയുയർത്തുകയാണ്‌.  
 ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായാണ്‌ വനംവകുപ്പ്‌ നേതൃത്വത്തിൽ വിദഗ്‌ധരായ പക്ഷി നിരീക്ഷകരെ ഉൾപ്പെടുത്തി സർവേ സംഘടിപ്പിച്ചത്‌. ചാവക്കാട്‌ മുനക്കക്കടവിൽ നിന്ന്‌ അറബിക്കടലിലൂടെ 30 കിലോമീറ്ററാണ്‌ സഞ്ചരിച്ചത്‌. 30 പക്ഷി ഇനങ്ങളെ കണ്ടു. കടലിൽ മാത്രം കാണുന്ന ഒമ്പത്‌ പക്ഷികളെ കാണാനായി. മുൾവാലൻ സ്കുവ,  കരണ്ടിവാലൻ സ്കുവ,   ഹ്യുഗ്ലിനി/സ്റ്റപ്പ് കടൽക്കാക്ക,   തവിടൻ കടലാള,  ചോരക്കാലി ആള,  ചെറിയ കടലാള,  വലിയ കടലാള,  വിൽ‌സൺ കാറ്റിളക്കി,  ചെങ്കാലൻ തിരവെട്ടി എന്നീ ഇനങ്ങളെയാണ്‌ കണ്ടത്‌.  ഒഴുകി നടക്കുന്ന കമ്പുകളിലും തെർമോകോളുകളിലും പക്ഷികളെ കാണാനായി.   തീരങ്ങളിൽ അപൂർവമെന്നു കരുതിയിരുന്ന പല പക്ഷികൾക്കും കടലിൽ സങ്കേതങ്ങളുള്ളതായും കണ്ടെത്തി.   ആകാശത്ത്  ചുറ്റിപ്പറക്കുന്ന കൃഷ്ണപ്പരുന്തുകളേയും  ചക്കിപ്പരുന്തുകളേയും തുലാത്തുമ്പിക്കൂട്ടങ്ങളേയും കണ്ടു.  വിൽസൺ കാറ്റിളക്കിപ്പക്ഷിയുടെ സാന്നിധ്യം ആരോഗ്യകരമായ കടൽ പരിസ്ഥിതിയുടെ സൂചകമാണ്‌. അതേസമയം പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും കണ്ടെത്തി. 
ഭൂഖണ്ഡാന്തര ദേശാടനം നടത്തുന്ന കടൽപ്പക്ഷികൾ മിക്കതും മനുഷ്യവാസമില്ലാത്ത ഒറ്റപ്പെട്ട ദ്വീപുകളിലാണ് പ്രജനനം നടത്തുക. കടൽത്തുരുത്തുകളിലും വിളക്കുകളിലും ബോട്ടുകൾക്ക്‌    മുകളിലും  ഈ പക്ഷികൾ സഞ്ചരിക്കും. ഇവ അപൂർവമായാണ് തീരത്തെത്തുക. അതിനാൽ കണക്കെടുപ്പ്‌  സാധ്യമായിരുന്നില്ല.  അതിന്‌ പരിഹാരമായാണ്‌ കടൽപ്പക്ഷി സർവേ സംഘടിപ്പിച്ചതെന്ന്‌  സോഷ്യൽ ഫോറസ്‌ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ  മനോജ്  പറഞ്ഞു.  ഐയുസിഎൻ  ചുവന്ന പട്ടികയിലെ പുതിയ കണക്കുകൾ പ്രകാരം പല കടൽപ്പക്ഷികളും വംശനാശഭീഷണിയിലാണ്. അവയുടെ സംരക്ഷണത്തിന്‌ സർവേ പ്രധാനമാണ്‌.  വനംവകുപ്പ്‌  ഫോറസ്‌റ്റർ  എ ഡി   പ്രമോദ്,  പക്ഷി നിരീക്ഷക കൂട്ടായ്‌മയായ കോൾബേഡേഴ്സിലെ  ശ്രീകുമാർ ഗോവിന്ദൻ കുട്ടി,   മനോജ് കരിങ്ങാമഠത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top