22 December Sunday
ഹണിട്രാപ്പ്

വ്യാപാരിയില്‍നിന്ന് 2.5 കോടി തട്ടിയ ദമ്പതികൾ അറസ്റ്റില്‍

സ്വന്തം ലേഖികUpdated: Thursday Nov 7, 2024

ഹണിട്രാപ്പിലൂടെ 2.50 കോടി തട്ടിയെടുത്ത ദമ്പതികളായ സോജനേയും ഷമിയേയും പൊലീസ്‌ കോടതിയിലേക്ക്‌ കൊണ്ടുവന്നപ്പോൾ

തൃശൂര്‍
ഹണിട്രാപ്പിലൂടെ തൃശൂരിലെ വ്യാപാരിയില്‍നിന്ന്‌ 2.5 കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ കരുനാ​ഗപ്പള്ളി കൊല്ലക ഒറ്റയില്‍പടിറ്റതില്‍ വീട്ടില്‍ ഷെമി (38),  അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അങ്കമാലിയില്‍ നിന്ന്‌ പിടികൂടിയത്‌.  തട്ടിയെടുത്ത പണം ഉപയോ​ഗിച്ച്  പ്രതികൾ വാങ്ങിയ 82 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 
2020ല്‍ വാട്സാപ്പിലൂടെയാണ് വ്യാപാരിയും ഷെമിയും പരിചയപ്പെടുന്നത്. എറണാകുളത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണെന്നാണ് ഷെമി  പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസിനും മറ്റാവശ്യങ്ങള്‍ക്കുമായി  പണം കടം വാങ്ങി. പിന്നീട് ലൈം​ഗികച്ചുവയുള്ള ചാറ്റുകളും വീഡിയോ കോളുകളും നടത്തി.  ഈ ചാറ്റുകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ്‌  വ്യാപാരിയില്‍നിന്ന്‌ പണം തട്ടാന്‍ തുടങ്ങിയത്‌.  2.5 കോടിയോളം രൂപ ഷെമി ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വ്യാപാരി കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ  നവംബർ ഒന്നിനാണ്‌   വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്.
തുടർന്ന്‌ രണ്ട് സംഘങ്ങളായി തിരിഞ്ഞ്‌ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. സൈബര്‍ തെളിവുകളും ശേഖരിച്ചു.  കൊല്ലത്ത് അഷ്ടമുടിമുക്കില്‍ ആഡംബര ജീവിതം നയിക്കുന്ന ദമ്പതികളാണ് ഷെമിയും സോജനുമെന്ന്  കണ്ടെത്തി.  പൊലീസ് അന്വേഷിക്കുന്നതറിഞ്ഞതോടെ ഇവര്‍ വയനാട്ടിലേക്ക് കടന്നു. പൊലീസെത്തിയപ്പോള്‍ അവിടെ നിന്നും മുങ്ങി. ചൊവ്വാഴ്‌ച അങ്കമാലിയിൽനിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ  റിമാന്‍ഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top