മാള
മാള കുരുവിലശേരി സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ കോൺഗ്രസ് നേതാവായ മുൻ പ്രസിഡന്റിന്റെയും ജീവനക്കാരുടെയും പേരിൽ മാള പൊലീസ് കേസെടുത്തു. മുൻ പ്രസിഡന്റ് എ ആർ രാധാകൃഷ്ണൻ, മുൻ അസിസ്റ്റന്റ് സെക്രട്ടറി കെ ബി സജീവ്, ജൂനിയർ ക്ലർക്ക് ഡോജോ എന്നിവരുടെ പേരിലാണ് കേസെടുത്തത്.
2011മുതൽ 2019വരെ ബാങ്ക് പ്രസിഡന്റായിരുന്ന കാലയളവിൽ രാധാകൃഷ്ണൻ തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ 18 വായ്പകളിലായി 1.80 കോടി രൂപ മതിയായ ഈടില്ലാതെ കൈവശപ്പെടുത്തിയതായി പരാതിയുണ്ട്. സംഘം അംഗങ്ങളായ രണ്ടുപേരെ അറിയിക്കാതെ അവരുടെ പേരിൽ 23 ലക്ഷം രൂപ അധികവായ്പ എടുത്തെന്നും പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കിന് 2.97 കോടി രൂപയുടെ നഷ്ടം വരുത്തി എന്നാണ് കേസ്. വ്യാജരേഖ ചമച്ചതിനും കേസുണ്ട്.
ഓഡിറ്റ് റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ നവംബർ 13നാണ് ബാങ്ക് സെക്രട്ടറി എൻ സി നിക്സൺ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയത്. സജീവും ഡോജോയും വായ്പാക്രമക്കേടും സാമ്പത്തിക തിരിമറിയും നടത്തിയെന്ന് 2023–-- 24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നതായി പരാതിയിൽ പറയുന്നു.
ഡിസിസി ജനറൽ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള രാധാകൃഷ്ണനൊപ്പമുള്ള പാനലാണ് നവംബറിൽ നടന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ജയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..