തൃശൂർ
കുടുംബജീവിതവുമായി ഒതുങ്ങി ക്കഴിഞ്ഞിരുന്ന സൗമ്യ ഇന്ന് നേട്ടങ്ങളുടെ നെറുകയിലാണ്. ലോക പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ആദ്യ മലയാളി വനിത, ദേശീയ തലത്തിൽ റഫറിയിങ്ങിന് നടത്തുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിത. ഇങ്ങനെ പോകുന്നു മനക്കരുത്തിന്റെ ബലത്തിൽ ചെമ്പൂത്ര സ്വദേശിനി സി എസ് സൗമ്യ സ്വന്തമാക്കിയ നേട്ടങ്ങൾ.
അവിചാരിതമായാണ് സൗമ്യ പഞ്ചഗുസ്‌തിയിലേക്കെത്തുന്നത്. മകൻ ശ്രീഹരിയെ ചെസ് പരിശീലനത്തിന് കൊണ്ടുപോകുന്നതിനിടയിൽ കണ്ട പരിശീലകനാണ് സൗമ്യയെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നത്. പരിശീലനം തുടങ്ങി ആദ്യ വർഷം തന്നെ ജില്ലാ തലത്തിൽ സ്വർണം നേടി. ഇത് വലിയ ആത്മവിശ്വാസം നൽകിയെന്ന് സൗമ്യ പറഞ്ഞു. പിന്നീട് സൗമ്യയുടെ കൈക്കരുത്തിൽ തുടർ വിജയങ്ങൾ. 2020ൽ ഹൈദരാബാദിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാമതെത്തി. പിന്നീട് ഗോവയിൽ ഒന്നാം സ്ഥാനം.
തിങ്കളാഴ്‌ച ഛത്തീസ്ഗഢിലെ റായ്‌പൂരിൽ സമാപിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ സൗമ്യ സ്വർണം നേടി. ഒക്ടോബറിൽ സ്‌പെയ്‌നിൽ നടക്കുന്ന ലോക പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും നേടി. കഴിഞ്ഞ വർഷവും ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പോകാനായില്ല. ഇത്തവണ രാജ്യത്തിനുവേണ്ടി പഞ്ച പിടിക്കാൻ സ്‌പോൺസർമാരെ തേടുകയാണ് സൗമ്യ.
ചെമ്പൂത്ര സ്വദേശിനി ചെമ്പാലിപ്പുറത്തു സുധാകരൻ ശാന്ത ദമ്പതിമാരുടെ മകളായ സൗമ്യ കെ എം ഹരിയുടെ നേതൃത്വത്തിലാണ് പരിശീലനം. മത്സരത്തിനായി തയ്യാറെടുക്കുന്നതിനൊപ്പം നിരവധി പെൺകുട്ടികളെ പഞ്ചഗുസ്‌തി പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..